ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫേ്ലാറന്സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് രാജ്യാന്തര നഴ്സ് ദിനമായി ആചരിക്കുന്നത്. നഴ്സുമാര്‍ സമൂഹത്തിന് നല്കുന്ന വിലയേറിയ സേവനം ഓര്‍മപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 'നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി: ശാക്തീകരിക്കപ്പെട്ട നഴ്സുമാര്‍ ജീവന് രക്ഷിക്കുന്നു' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ലോകാരോഗ്യം ഇന്ന് സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വര്‍ധിച്ചു വരുന്ന ജനസംഖ്യ, ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്, ആരോഗ്യപരിചരണ സാധനങ്ങളുടെ ലഭ്യതക്കുറവ്, ചികിത്സാച്ചെലവുകളുടെ വര്‍ധന, യുദ്ധങ്ങളും കാലാവസ്ഥാ മാറ്റവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ആരോഗ്യരംഗത്തെ സമ്മര്‍ദത്തിലാക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നഴ്സുമാര്‍ രോഗപരിചരണം നിലനിര്‍ത്തുകയും, സമൂഹങ്ങളെ സംരക്ഷിക്കുകയും, ആരോഗ്യസംവിധാനങ്ങളെ താങ്ങിനിറുത്തുകയും കരുതലിന്റെ ദീപമായി തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. പലപ്പോഴും ഇത്തരം അതിയായ സമ്മര്‍ദത്തിനും വെല്ലുവിളികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവരുടെ സേവനം പൂര്‍ണമായും അംഗീകരിക്കപ്പെടുകയോ പിന്തുണ ലഭിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നഴ്സിങ് മേഖലയുടെ ശേഷിയെ പരമാവധി പ്രാപ്തിയിലേക്ക് എത്തിക്കണമെങ്കില്‍ നഴ്സുമാരെ സുരക്ഷിതവും ന്യായവുമായ ജോലി സാഹചര്യങ്ങളിലൂടെ ശക്തിപ്പെടുത്തുകയും, അവരുടെ പൂര്‍ണ പ്രഫഷണല്‍ കഴിവുകള്‍ പ്രയോഗിക്കാന്‍ അവസരം നല്‍കുകയും, സ്വാധീനവും നേതൃപങ്കും ഉറപ്പാക്കുകയും വേണം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം നിര്‍ദേശിക്കുന്നത്.
ഈ വര്‍ഷത്തെ പ്രമേയത്തിന്റെ കേന്ദ്രബിന്ദു ശാക്തീകരിക്കപ്പെട്ട നഴ്സുമാര്‍ എന്ന ആശയമാണ്. ഒരു നഴ്സ് ശക്തിപ്പെട്ടവളോ ശക്തിപ്പെട്ടവനോ ആകുമ്പോള്‍ മാത്രമേ ആരോഗ്യരംഗം യഥാര്‍ത്ഥത്തില്‍ ശക്തമാകൂ. ശാക്തീകരണം എന്നത് നിരവധി ഘടകങ്ങളുടെ സമന്വയമാണ്: ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം, തുടര്‍ച്ചയായ പരിശീലനം, സുരക്ഷിതവും മാന്യവുമായ ജോലി സാഹചര്യം, ഉചിതമായ പ്രതിഫലം, തീരുമാനങ്ങളിലെ പങ്കാളിത്തം, മാനസികാരോഗ്യ പിന്തുണ എന്നിവ.
ഇന്നത്തെ ലോകം സാങ്കേതിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്. കൃത്രിമ ബുദ്ധി, ടെലിമെഡിസിന്‍, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡുകള്‍ തുടങ്ങിയ നവീന സംവിധാനങ്ങള്‍ ആരോഗ്യരംഗത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ നഴ്സുമാരുടെ പങ്ക് ആരോഗ്യ രംഗത്തെ കൂടുതല്‍ വിപുലമാകുന്നു. സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രമല്ല, അവയെ രോഗികളുടെ ക്ഷേമത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്നതിലും നഴ്സുമാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതിനാല്‍, നഴ്സിങ് വിദ്യാഭ്യാസം സാങ്കേതിക വിദ്യകളുമായി ഇണങ്ങുന്ന വിധത്തില്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണ്.
കോവിഡ്19 മഹാവ്യാധി ലോകത്തിന് നല്കിയ ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന്, നഴ്സുമാരുടെ അതുല്യമായ സമര്പണമാണ്. സ്വന്തം ജീവന് പോലും പണയം വച്ച് പ്രവര്‍ത്തിച്ച അവര്‍, ആരോഗ്യരംഗത്തിന്റെ അടിത്തറയാണെന്ന് ലോകം തിരിച്ചറിഞ്ഞു. എന്നാല്‍ അതിനൊപ്പം, ജോലിഭാരത്തിന്റെ അമിതത്വം, മാനസിക സമ്മര്‍ദം, ബേണ്‍ഔട്ട്, സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്നങ്ങളും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു. അതിനാല്‍ ആരോഗ്യരംഗത്തിന്റെ നിലനില്പിന് നഴ്സുമാരുടെ ശാക്തീകരണം അത്യാവശ്യമാണ്.
പ്രവാസി നഴ്സുമാരുടെ സംഭാവന ഈ ചര്‍ച്ചയില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും, ഇന്ത്യന്‍ നഴ്സുമാര്‍ ആരോഗ്യരംഗത്തിന്റെ പ്രധാനസ്തംഭങ്ങളായി പ്രവര്‍ത്തിക്കുന്നു. സ്വന്തം കുടുംബങ്ങളില്‍നിന്ന് അകന്ന്, വ്യത്യസ്ത സംസ്കാരങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അവര്‍ നല്കുന്ന സേവനം അസാധാരണമാണ്. അവര്‍ ആരോഗ്യ സേവനം നല്കുന്നതില് മാത്രം ഒതുങ്ങുന്നില്ല;രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്കും സമൂഹത്തിന്റെ ക്ഷേമത്തിനും വലിയ സംഭാവന നല്കുന്നു.
നഴ്സുമാരുടെ ശബ്ദം ആരോഗ്യനയ രൂപീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അത്ര തന്നെ പ്രധാനമാണ്. അവര്‍ നേരിട്ട് രോഗികളുമായി ഇടപഴകുന്നവരായതിനാല്‍, അവരുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും ആരോഗ്യസംരക്ഷണ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായകരമാണ്. അതിനാല്‍, നഴ്സുമാരെ നയനിര്ണയങ്ങളില് പങ്കാളികളാക്കുന്നത് ആരോഗ്യരംഗത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.
ജോബി ബേബി
(കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ നഴ്സാണു ലേഖകന്‍)





