
ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരണപ്പെട്ടു. മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 12, 13, നാല് വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് ഗുർകോട്ടിലെ അമ്മാവൻ്റെ വീട്ടിൽനിന്ന് ഒരു കുടുംബത്തിലെ നാല് കുട്ടികൾ തണ്ണിമത്തൻ കഴിച്ചത്. ഇതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലേഷ് ധീവർ മരണപ്പെട്ടു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തനാണ് കുട്ടികൾ കഴിച്ചതെന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ് കുജുർ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. മറ്റ് മൂന്നു കുട്ടികളും സമാന ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും അയൽവാസികളെയും പരിശോധിക്കാൻ ജില്ലാ കളക്ടർ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.






