
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.അന്താരാഷ്ട്ര നഴ്സിംഗ് ദിന തലേന്നാണ് പെൺകുഞ്ഞിനെ ലഭിച്ചത്.തിങ്കളാഴ്ച്ച വൈകുന്നേരം6.15യോടെ കുഞ്ഞിന്റെ വരവറിയിച്ച് സമിതിയിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങിയത്.10 ദിവസം പ്രായവും 2. 64 കി.ലോഗ്രാം ഭാരവുമുള്ള ഈ വർഷത്തെ ആറാം അതിഥിയുടെ വരവ് .
അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്നാണ് കുഞ്ഞ് എത്തിയത് എന്നതിനാൽ, ആധുനിക നഴ്സിങിന്റെ മാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുഞ്ഞിന് 'നൈല' എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി എൽ അരുൺ ഗോപി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം 104 കുട്ടികളാണ് സമിതിയുടെ പരിചരണത്തിൽ എത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരത്താണ്, 63 പേർ. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 226 കുട്ടികളെ സമിതി നിയമപരമായി ദത്ത് നൽകിയിട്ടുണ്ട്. ഇതിൽ ഇറ്റലി, അമേരിക്ക , ഡെൻമാർക്ക്, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോയ 27 കുട്ടികളും ഉൾപ്പെടുന്നു.





