
ലോകപ്രശസ്ത അൾട്രാ ഡിസ്റ്റൻസ് റണ്ണർ സൂഫിയ സൂഫി നടത്തുന്ന 'റൺ ഫോർ ഡ്രീംസ്' കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് കന്യാകുമാരിയിൽ നിന്നും കാരക്കോറം വരെയുള്ള 5,000 കിലോമീറ്റർ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തതത്. യുവാക്കൾക്ക് നിർഭയമായി സ്വപ്നം കാണാനും രാജ്യത്തിന്റെ പുരോഗതിക്കായി നിലകൊള്ളാനും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റൺ ഫോർ ഡ്രീംസ് നടത്തുന്നത്.
ഏകദേശം 5,000 കിലോമീറ്ററാണ് 88 ദിവസങ്ങളിലായി താണ്ടുക. 18,000 അടി ഉയരത്തിലുള്ള കാരക്കോറം വരെയാണ് ഓട്ടം. ഈ പാതയിലൂടെ ഓടുന്ന ആദ്യ വ്യക്തിയായി സൂഫിയ മാറും. രാജ്യത്തിന്റെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള വിവിധ യുദ്ധസ്മാരകങ്ങളിലൂടെ ഈ യാത്ര കടന്നുപോകും. കാർഗിൽ വിജയ് ദിവസ് ദിനത്തിൽ സൂഫിയ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് സൈനികർക്ക് ആദരമർപ്പിക്കും. അഞ്ച് ഗിന്നസ് വേൾഡ് റെക്കോർഡുകൾക്ക് ഉടമയായ സൂഫിയയുടെ ആറാമത്തെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര.
നേരത്തെ കാശ്മീർ മുതൽ കന്യാകുമാരി വരെയും, ഗോൾഡൻ ക്വാഡ്രിലാറ്ററൽ പാതയിലൂടെയും, മണാലി മുതൽ ലേ വരെയും ഓടി ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൂഫിയ സൂഫി.






