വലിയൊരു പെയിന്റുകമ്പനിയുടെ പരസ്യം ഓര്‍മയില്ലേ? ചായം തേച്ച് ഭംഗി വരുത്തിയ കൊട്ടാരം പോലുള്ള ഒരു വീടു കണ്ട് ആകുലനായ ഒരു ചെറുപ്പക്കാരന് സ്വയം പരിതപിക്കുന്നു: 'ശ്ശോ! ഞാനൊന്നും ഈ വീട്ടില്‍ ജനിച്ചില്ലേല്ലാ!'
നവകരളത്തിലെ ഒരു യുവാവിന്റെ ഈ ആശങ്ക ചെറിയ സംഗതിയായി കരുതരുത്. നമ്മുടെ യുവത്വം ഇത്രമാത്രം ബാലിശമാകുന്നത് ഒട്ടും ആശാസ്യമല്ല. ആസുരമായ ഉപഭോഗസംസ്കാരം നമുക്കു പകര്‍ന്നുതരുന്ന അസൂയയും അസഹിഷ്ണതയും ദുരയും ഈ നിരര്‍ത്ഥകമായ ആശങ്കയിലൂടെ തിരിച്ചറിയാം.
നിര്‍ഭയരും അദ്ധ്വാനശീലരും പ്രത്യാശനിറഞ്ഞവരുമായ പുതുസമൂഹം ഉരുത്തിരിഞ്ഞുവരണമെങ്കില് ഇത്തരം പാഴ്ച്ചിന്തകള്‍ മുളയിലേ ഇല്ലാതാക്കണം. പക്ഷേ, ഇതിന് വഴി തെളിക്കാന്‍ ആരുണ്ടെന്നതാണ് പ്രശ്നം.
പണ്ട്, 'നേബേഴ്സ് എന്‍വി, ഓണേഴ്സ് ൈപ്രഡ്' എന്ന തലക്കെട്ടോടെ ഒരു ടിവിയുടെ പരസ്യമുണ്ടായിരുന്നത് ഓര്‍മവരുന്നു. അപരനെയും അയല്‍ക്കാരനെയും ശത്രുവായി കണക്കാക്കി, അവരോട് മത്സരിച്ച് അവരേക്കാള്‍ നേട്ടങ്ങള്‍ കൊയ്യുന്നവനാണ് സമര്ത്ഥന് എന്നൊരു പൊതുബോധം പരക്കെയുള്ളതുകൊണ്ടാണ് ഇത്തരം പരസ്യങ്ങള്‍ ഉണ്ടാകുന്നത്. നാട്ടിലെങ്ങും അധികാരത്തിനു വേണ്ടി കസേരകളികള്‍ നടക്കുന്നത്.
ഫിലോസഫിക്കലായ ചോദ്യം
അന്യന്റെ വീടിനെക്കുറിച്ചുള്ള മേല്പറഞ്ഞ യുവാവിന്റെ സങ്കടത്തില്‍ ഒരിറ്റു ഫിലോസഫിയുമുണ്ട്. നമ്മുടെ ജന്മത്തിന് നമ്മളാണോ കാരണക്കാരെനെന്നതാണ് തത്വചിന്താപരമായ മറുചോദ്യം.
ഒരു വലിയ വീട്ടില്‍ ജനിക്കുകയെന്നത് ഭാഗ്യമാണെന്ന് പണ്ടൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കയറ്റുകയെന്നത് ലോകനീതിയാണെന്ന് നിനച്ച് ജീവിതത്തെ കരുതലോടെ നേരിടണമെന്നായിരുന്നു കാരണവന്മാര് ഓര്മിപ്പിച്ചിരുന്നത്. നമ്മുടെ ജന്മങ്ങള്‍ക്ക് നമ്മള് ഉത്തരവാദിയെല്ലന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. പണക്കാരനായി വലിയ വീട്ടില്‍ ജനിക്കുന്നത് ഒരു യാദൃച്ഛികതയാണ്. വലിയ വീട്ടില്‍ ജനിച്ചവരെല്ലാം മഹാന്മാരായിട്ടുമില്ല. അങ്ങനെ വന്നിരുന്നെങ്കില്‍ ഈ ലോകത്തിന്റെ സ്ഥിതിയെന്താകുമായിരുന്നു!
വര്‍ണമനോഹരമായ മാളികയില്‍ ജനിച്ചാല്‍, വലിയ കസേരകള്‍ ഒപ്പിച്ചെടുത്താല്‍ മന:സമാധാവും ശ്രേയസും കുടുംബമാഹാത്മ്യവും ഉണ്ടാകുമെന്ന് ആരാണ് പറഞ്ഞത്?
വലിയ വീട്ടില്‍ ജനിച്ചവരല്ല, കഠിനാധ്വാനം ചെയ്ത് വീടുണ്ടാക്കുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്.
ഈ ബോധം ഇന്നു പലര്‍ക്കുമില്ല. കസേരകളിയില്‍ വിജയിക്കുന്നവരല്ല, മൂല്യങ്ങളുടെ പിന്‍ബലത്തോടെ അദ്ധ്വാനിച്ചും പരസ്പരം സഹായം ചെയ്തും വളര്‍ന്ന് ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നവരാണ് ജീവിതം സഫലമാക്കുന്നവരെന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കും നേരവും ധൈര്യവുമില്ല.
പാക്കനാരും ഭ്രാന്തനും
ഇനിയില്ല!
കനകത്തെ കരിക്കട്ടപോലെ കണ്ട മഹര്‍ഷിമാരുടെ നാടാണിതെന്നു പറഞ്ഞിട്ടു കാര്യമില്ല. പണത്തേടും സ്വര്‍ണത്തോടും പദവികളാടുമുള്ള ആര്‍ത്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. സ്വര്‍ണക്കട മുതലാളിമാരും കോടീശരന്മാരും സൂപ്പര്‍സ്റ്റാറുകളും ഇവിടെ ആരാദ്ധ്യരും റോള്മോഡലുകളുമാണ്. സ്വന്തം തന്തയുടെയും തള്ളയുടെയും നാളും നക്ഷത്രവും പിടിയില്ലെങ്കിലും ഒരു സ്വര്‍ണക്കടമുതലാളിയുടെ ഇഷ്ടഭക്ഷണവും വാച്ചിന്റെ പേരും ആരാധകപ്പയ്യന്മാര് പഠിച്ചുവച്ചിരിക്കുന്നു.
'പണം ആളെക്കൊല്ലി'യാണ് എന്നു പറഞ്ഞ പാക്കനാര്‍ നമ്മുടെ പഴങ്കഥകകളില്നിന്ന് അപ്രത്യക്ഷനായിക്കഴിഞ്ഞു. ശ്മശാനങ്ങളില്‍ അടുപ്പുകൂട്ടി കഞ്ഞി വച്ചു കഴിച്ചിരുന്ന നാറാണത്തു ഭ്രാന്തന്റെ കഥയും ഗുണപാഠവും പറഞ്ഞുകൊടുക്കാനും ആരുമില്ല. പുതിയ തലമുറയ്ക്ക് പാക്കാനാരും ഭ്രാന്തനും പെരുന്തച്ചനുമൊക്കെ പകര്‍ന്നുകൊടുക്കുന്ന പെതൃകം ആവശ്യമില്ല. വിദേശ ആനിമേറ്റഡ് ചിത്രങ്ങളിലെ എല്ലുറപ്പുള്ള, തോക്കും ഗ്രനേഡും ഉപയോഗിക്കുന്ന 'ഇരുമ്പന്‍' കഥപാത്രങ്ങളുടെ അതിക്രമങ്ങളും മൃഗീയകാമനകളും കണ്ടും രസിച്ചും വളരുന്നതാണ് അവര്‍ക്ക് പഥ്യം. ചെറുപ്പത്തില്‍ പുരാണേതിഹാസങ്ങളുടെ വായനയിലൂടെയും നാട്ടറിവുകളിലൂടെയും ലഭിച്ച മൂല്യങ്ങളാണ് തനിക്ക് ലളിതവും സംതൃപ്തരമായ ജീവിതം നയിക്കാന്‍ സഹായിച്ചതെന്ന് മുന്‍മുഖ്യമന്ത്രി പിണറായി അടുത്തയിടെ ഒരഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.
എങ്ങനെയും ഏതു നരകത്തിലും പോയി പണമുണ്ടാക്കണമെന്ന് ഭൂരിപക്ഷം മാതാപിതാക്കളും മക്കളും ആഗ്രഹിക്കുന്നു. അതിനായി രാജ്യം, സംസ്കാരം, ബന്ധങ്ങള്‍, മാതൃഭാഷ എന്നിവയെ തള്ളിപ്പറയാന്‍ മടിയില്ല. ഇത്തരം സമൂഹത്തിലെ മൂല്യബോധമില്ലാത്ത സന്തതികളാണ് ഒരു വലിയ വീടുകാണുമ്പോള്‍ 'ശ്ശോ! ഞാന്‍ ഈ വീട്ടില്‍ ജനിച്ചില്ലേല്ലാ!' എന്നു ദുഃഖിക്കുന്നതും 'എനിക്ക് ഈ കസേര കിട്ടിയില്ലേല്ലാ!' എന്നു കേഴുന്നതും.
ഈ അതൃപ്തികള്‍ ഒരിക്കലും ഇല്ലാതാകുന്നില്ല എന്നതാണ് ഭീകരം!
ആസക്തികളുടെ നാനാര്‍ത്ഥങ്ങള്‍
നമുക്ക് കൈവന്നിരിക്കുന്ന ഉപഭോഗ സംസ്ക്കാരം അഭിമാനകരമാണെന്നും പുരോഗതിയുടെ നിദര്ശനമാണെന്നുമാണ് പലരും കരുതുന്നത്.
യൂറോപ്യന്‍ വ്യാപാരതന്ത്രങ്ങള്‍ ഇന്നാട്ടില് ആദ്യം പരീക്ഷിച്ചു വിജയിച്ച വാസ്കോ ഡ ഗാമയുടെ വരവിന്റെ വാര്‍ഷികം ആഘോഷിച്ച നമുക്ക് ഇങ്ങനെയൊക്കയേ വിചാരിക്കാന്‍ സാധിക്കുകയുള്ളൂ. കാലാന്തരത്തില്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും നമ്മളെ അപായകരമായ ശീലങ്ങളുടെ അടിമകളാക്കിയപ്പോള്‍ പണം, ആയുധം, അധികാരം, മതം എന്നീ ലക്ഷ്യങ്ങള്‍ക്കായി എന്തും ചെയ്യാമെന്ന പാശ്ചാത്യബോധം നാട്ടില്‍ വേരുറച്ചു. ഈ സംസ്കാരം പാശ്ചാത്യ വിദ്യാഭ്യാസരീതികളിലൂടെ ശക്തി പ്രാപിച്ചപ്പോഴാണ് കണ്‍സ്യൂമറിസവും അവനവനിസവും കൊമ്പു കുലുക്കിത്തുടങ്ങിയത്. ഷോപ്പിങ് മാളുകളും മണിമന്ദിരങ്ങളും തീര്ത്ഥാടനകേന്ദ്രങ്ങളാകുന്നതും ധനാഢ്യരും താരങ്ങളും ദൈവങ്ങളാകുന്നതും ഇതിന്റെ പുതിയ ലക്ഷണങ്ങളാണ്.
ഇത്തരം വ്യക്തിപൂജകളും ആര്‍ത്തിയും അസഹിഷ്ണതയും ആത്യന്തികമായി ദുഃഖത്തിനു കാരണമാകുന്നന്ന് നമ്മുടെ സംസ്കാരം പണ്ടേ താക്കീതു ചെയ്തിട്ടുള്ളതാണ്. 'ത്യജിക്കലാണ് യജ്ഞം' എന്നു പറയുന്നതില്‍ ഇതെല്ലാമുണ്ട്. പക്ഷേ, ഗാന്ധിശിഷ്യന്മാര് പോലും ഇപ്പോള്‍ ഇതൊക്കെ മറന്നു കഴിഞ്ഞു.
സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനും ചരിത്രത്തില്‍ ഇടം തേടാനുമുള്ള തരംതാണ തന്ത്രങ്ങളാണ് എവിടെയും അരങ്ങേറുന്നത്.
ദേവും ഒരു യുവാവായിരുന്നു!
പണം സമ്പാദിച്ചതുകൊണ്ടും വലിയ കെട്ടിടങ്ങള്‍ പണിതുയര്ത്തിയതുകൊണ്ടും സ്ഥാനമാനങ്ങള്‍ പിടിച്ചു വാങ്ങിയതുകൊണ്ടും ഒരാള്‍ ആരാധ്യനാകുന്നില്ല. ഇക്കാര്യം എതിര്‍പ്പിന്റെ പ്രവാചകനായിരുന്ന പി. കേശവദേവ് ഒരു കോടീശ്വരനോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഗര്‍ജിക്കുമ്പോള്‍ നിത്യവൃത്തിക്ക് വകയില്ലാതിരുന്ന ഒരു പാവപ്പെട്ട യുവാവായിരുന്നു ദേവെന്ന് ഇന്നത്തെ തലമുറ അറിയണം.
ദേവിനെപ്പോലുള്ളവരുടെ ആത്മധൈര്യം മനസിലാക്കുമ്പോള്‍ 'ശ്ശോ! ഞാന്‍ ഈ വീട്ടില്‍ ജനിച്ചില്ലേല്ലാ!' എന്ന് ഒരു ചെറുപ്പക്കാരനും നെഞ്ചുതല്ലി കരയുകയില്ല. 'എനിക്ക് ഈ കസേര കിട്ടിയില്ലേല്ലാ!' എന്ന് ഒരു നേതാവും ആക്രന്തനം നടത്തുകയില്ല.
(ഫോണ്‍: 9447809631)





