ഡബ്ലിന്‍: ഇന്ത്യയുടെ മുന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യത്തോടെ യൂറോപ്യന്‍ ക്രിക്കറ്റില്‍ പുതിയ അധ്യായം. യൂറോപ്യന്‍ ട്വന്റി20 പ്രീമിയര്‍ ലീഗിലെ ഡബ്ലിന്‍ ഫ്രാഞ്ചൈസിയുടെ ഉടമയായി രാഹുല്‍ ദ്രാവിഡ്.
ദ്രാവിഡിന്റെ വിശ്വാസ്യതയും ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാടും ലീഗിനു സ്വീകാര്യത നല്‍കുമെന്ന് സഹ ഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന് വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഡബ്ലിന്‍ ടീമിന്റെ നായകനും മാര്‍ഗ നിര്‍ദേശിയും. വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശ ലീഗുകളില്‍ കളിക്കാമെന്ന നിയമമാണ് അശ്വിനെ തുണച്ചത്.
സ്റ്റീവ് വോ, ജോണ്ടി റോഡ്സ് എന്നിവരും വിവിധ പദവികളില്‍ ലീഗിന്റെ ഭാഗമാകുന്നുണ്ട്. യൂറോപ്പില്‍ ക്രിക്കറ്റിന്റെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അയര്‍ലന്‍ഡ്, ക്രിക്കറ്റ് സ്കോട്ട്ലന്‍ഡ്, റോയല്‍ ഡച്ച് ക്രിക്കറ്റ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ഇ.ടി.പി.എല്‍. സംഘടിപ്പിക്കുന്നത്.ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, എഡിന്‍ബ്രോ, ഗ്ലാസ്ഗോ, റോട്ടര്‍ഡാം, ആംസ്റ്റര്‍ഡാം എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ടീമുകള്‍. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീളുന്ന ടൂര്‍ണമെന്റില്‍ 33 മത്സരങ്ങളാണ്. മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല് തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കാരും നിക്ഷേപകരുമായി ലീഗിന്റെ ഭാഗമാകും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ച പ്രത്യേക വിന്‍ഡോയിലാണ് ലീഗ് നടക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ തിരക്കുകള്‍ ടൂര്‍ണമെന്റിനെ ബാധിക്കില്ല.




