
ലക്നൗ: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധാഴ്ച രാവിലെ മരിച്ച നിലയിലാണ് ലക്നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഭാര്യ അപർണ കൂടെയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബിജെപി നേതാവ് അപർണ യാദവിന്റെ ഭർത്താവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അർധ സഹോദരനുമാണ് അദ്ദേഹം. മുലായം സിഗിന്റെ രണ്ടാമത്തെ ഭാര്യയിൽ ജനിച്ച പുത്രനാണ് പ്രതീക്. പ്രാഥമിക നിഗമനമനുസരിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് മരണം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് അദ്ദേഹം ചികിത്സയിലായിരുന്നു.
യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയ അദ്ദേഹം അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ഫിറ്റ്നസ് പ്രേമിയുമായിരുന്നു. 2012-ൽ ഒരു അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വെബ്സൈറ്റിൽ അദ്ദേഹം ഇടംപിടിച്ചിരുന്നു. മൃഗക്ഷേമ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 2017-ൽ 5 കോടി രൂപയുടെ ലംബോർഗിനി കാർ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹം വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
2011-ലാണ് പ്രതീക് യാദവും അപർണ യാദവും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഈ വർഷം ജനുവരിയിൽ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു. കുടുംബാംഗങ്ങൾ രാവിലെ 6:15 ഓടെയാണ് പ്രതീകിനെ ആശുപത്രിയിൽ എത്തിച്ചത്






