
ന്യൂഡല്‍ഹി: വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
സ്വര്‍ണം, വെള്ളി ഇറക്കുമതിക്ക് 10% അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5% കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ്സും ഏര്‍പ്പെടുത്തി. ഇതോടെ ആകെ നികുതി 15% ആയി വര്‍ധിച്ചു. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യത്തകര്‍ച്ച തടയുക, വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ വര്‍ധിപ്പിച്ചത്. നികുതി വര്‍ധനവ് മൂലം രാജ്യത്തെ സ്വര്‍ണ്ണവില കൂടി. ഒരു പവന് സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,23,120 രൂപയായി.
ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 960 രൂപ ഉയര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില നിലവിട്ട് ഉയര്‍ന്നിരിക്കുന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി നികുതി കുത്തനെ കൂട്ടിയത് സ്വര്‍ണ്ണക്കള്ളക്കടത്ത് വീണ്ടും സജീവമാകാന്‍ കാരണമാകുമെന്ന് വ്യാപാരികളും വ്യവസായ പ്രമുഖരും മുന്നറിയിപ്പ് നല്കുന്നു. 2024-ല്‍ നികുതി കുറച്ചതോടെ കള്ളക്കടത്ത് കുറഞ്ഞിരുന്നു.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിലവില്‍ തന്നെ ഉയര്‍ന്ന നിലവാരത്തിലായതിനാല്‍, പുതിയ നികുതി വര്‍ധനവ് വിപണിയെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഏപ്രിലിലെ സ്വര്‍ണ്ണ ഇറക്കുമതി ഏകദേശം 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പുതിയ നടപടിയോടെ ഇറക്കുമതി ഇനിയും കുറയുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കരുതുന്നത്.






