
ബോളിവുഡ് നടി മൗനി റോയിയും ഭര്‍ത്താവ് സൂരജ് നമ്പ്യാരും തമ്മിലുളള വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധര്ക്കിടയിലെ ചര്‍ച്ചാവിഷയം. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മൗനി റോയ്.
'' വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാ മാധ്യമസ്ഥാപനങ്ങളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ദയവായി സഹകരിക്കുക'' , എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
2022 ജനുവരിയില്‍ ഗോവയില്‍ വെച്ചായിരുന്നു മലയാളിയായ സൂരജും ബംഗാളി വംശജയായ മൗനിയും തമ്മിലുളള വിവാഹം നടന്നത്. മലയാളി, ബംഗാളി പാരമ്പര്യങ്ങള്‍ പ്രകാരമുളള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റോയ്. 'നാഗീൻ' എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. 'നാഗകന്യക' എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി.
അക്ഷയ് കുമാർ നായകനായ 'ഗോൾഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ 'ഗലി ഗലി' എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു.
റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. റൺബീർ കപൂർ - ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം ഭാഗത്തിലും മൗനി വേഷമിട്ടിരുന്നു






