
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ ഓഫീസില്‍ ജ്യോതിഷിയെ നിയമിക്കാനുളള ഉത്തരവ് പിന്‍വലിച്ചു. നടപടിക്കെതിരെ വിമര്‍ശനം വ്യാപകമായതോടെയാണ് റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിന്റെ നിയമനം റദ്ദാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയതായും വെട്രിവേല്‍ ഇനി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാകില്ലെന്നും വിജയ് ഔദ്യോഗികമായി അറിയിച്ചു. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്ന തസ്തികയിലാണ് ജ്യോതിഷിയെ നിയമിച്ചിരുന്നത്.
നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെടുകയും അത് നാളെ കോടതി പരിഗണിക്കാനിരിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്മാറിയത്.
വിജയ് യുടെ നടപടിയെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തി. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഉടന്‍ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമര്‍ശനം ഉള്‍കൊളളുന്നത് ഇനിയും തുടരണമെന്നും സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു.






