തിരുവനന്തപുരം സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം വേണമെന്ന ഉത്തരവ് പുറത്തിറങ്ങി കാല്‍നൂറ്റാണ്ട് തികയുമ്പോഴും ലൈബ്രേറിയന്‍ തസ്‌തികകളില്‍ നിയമനം ഇല്ലാതെ സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങള്‍. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എത്തുന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌കൂള്‍ മൈതാനത്തിന്റെ കണക്ക് വരെ നോക്കി പോകുമ്പോള്‍ പൊതു വിദ്യാലയങ്ങളില്‍ കാര്യക്ഷമമായ ലൈബ്രറികള്‍ ഉണ്ടോ എന്ന് തിരക്കാറില്ല.
വര്‍ഷങ്ങളായി ചുവപ്പു നാടയില്‍ കെട്ടിയിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ലൈബ്രറികളിലെ ലൈബ്രേറിയന്‍ തസ്‌തികയുടെ കാര്യത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അധ്യാപകര്‍ക്ക് ചുമതല നല്‍കി ഉത്തരവ് ഇറക്കിയതോടെ ലൈബ്രേറിയന്‍ കോഴ്‌സ് പഠിച്ചു ജോലി പ്രതീക്ഷിച്ച് ഇരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ആണ് നിരാശയിലായത്. ഗ്രേസ് മാര്‍ക്കിനായി കുട്ടികള്‍ പത്രമാസികകള്‍, പുസ്‌തകങ്ങള്‍ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങള്‍ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകര്‍ നിരീക്ഷിക്കും. വായനയ്‌ക്ക് മാര്‍ക്ക് നല്‍കി, നിരന്തര മൂല്യ നിര്‍ണയതിന്റെ ഭാഗമാക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, വായന പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയനും വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. ചുമതലയുള്ള അധ്യാപകര്‍ക്ക് എത്രമാത്രം ലൈബ്രറിയുടെ ചുമതല നിര്‍ഹിക്കാന്‍ കഴിയുമെന്ന സംശയവും ബാക്കിയായി. കേരളത്തില്‍ 37 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്നുണ്ട്. സ്‌കൂളുകളില്‍ കലാകായിക മേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷങ്ങളായി യോഗ്യരായ അദ്ധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമിക്കുണ്ട്. എന്നാല്‍, വായന വളര്‍ത്തുന്നതിന് അതത് വിഷയങ്ങളില്‍ മാത്രം അറിവും യോഗ്യതയും ഉള്ള അധ്യാപകര്‍ക്ക് കഴിയുമോ എന്നതാണ് സംശയം. പഠന പിന്നാക്കാവസ്‌ഥ നേരിടുന്ന കുട്ടികളില്‍ മലയാളം വായിക്കാനും എഴുതാനും അറിയാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ സമ്മതിക്കുന്നു.
മലയാളം വിഷയങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നാക്കം പോകുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നപ്പോഴാണ് സ്‌കൂളുകളില്‍ വായനയ്‌ക്ക് പ്രോത്സാഹനം നല്‍കണമെന്ന തോന്നല്‍ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടായത്.
പൊതുവിദ്യാഭ്യസ വകുപ്പിന്റെ കീഴിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു എന്ന് പറയുന്നുണ്ടെങ്കിലും വായനയെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമര്‍ശനം. സ്‌കൂളുകളില്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് തിരക്കാനും വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും വര്‍ഷങ്ങളായി ശക്‌തമാണ്.
സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുടെ ലിസ്‌റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം പോലും ഇല്ലെന്നാണ് അറിയുന്നത്. കേരളത്തിന് പുറത്തും വിദേശങ്ങളിലും ലൈബ്രറികളുടെ പ്രവര്‍ത്തനത്തിന് ലൈബ്രറികളും ലൈബ്രേറിയന്‍ തസ്‌തികയും നിലവിലുള്ളപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രം ലൈബ്രേറിയന്‍ തസ്‌തികയില്‍ യോഗ്യരായ ജീവനക്കാരെ നിയമിക്കാതെ അധ്യാപകരുടെ തലയില്‍ ലൈബ്രറി എന്ന അധിക ജോലി കെട്ടിവയ്‌ക്കുകയാണ്. വായനയെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ ഏജന്‍സികളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലും കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയനുമുണ്ട്.
എന്നാല്‍, പൊതുവിദ്യാലയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വരെ സ്‌കൂള്‍ ലൈബ്രറികളില്‍ ലൈബ്രേറിയന്റെ സേവനം പൊതുവേ ലഭിക്കാറില്ല. കുറച്ച് പുസ്‌തകങ്ങള്‍ ഒരു മുറിയിലെ അലമാരയില്‍ പൂട്ടിവച്ചിട്ടുള്ളതാണ് പല സ്‌കൂളുകളിലേയും ലൈബ്രറികള്‍. കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും 2001 ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പെഷല്‍ റൂള്‍സിലും നിരവധി കോടതി വിധികളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്‌തികയില്‍ യോഗ്യതയുള്ള ആളെ നിയമിക്കണമെന്ന് പറയുന്നുണ്ട്. വായനയ്‌ക്ക് ഗ്രസ് മാര്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും ഭൂരിഭാഗം സ്‌കൂളുകളിലും വര്‍ത്തമാന പത്രങ്ങള്‍ പോലും ഇല്ലായിരുന്നു എന്ന ആക്ഷേപവുമുണ്ട്.
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ ക്ലാസ്‌മുറികളില്‍ പത്രവായന പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതനുസരിച്ച് ഒന്നുമുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പത്രവായനക്ക് പ്രത്യേക സമയം നിശ്‌ചയിക്കുമെന്നായിരുന്നു വായനാപോഷണ പരിപാടിക്കായി സര്‍ക്കാര്‍ തയാറാക്കിയ കരടുരേഖയിലെ നിര്‍ദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. പഠനാവശ്യത്തിന് സ്‌കൂള്‍ ലൈബ്രറികള്‍ ഉപയോഗിക്കണമെന്ന് സിലബസില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ലൈബ്രേറിയന്‍ നിയമനത്തോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ചിരിക്കുകയാണ്. സംസ്‌ഥാന ബാലവകാശ കമ്മിഷനും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രറി സജ്‌ജീകരിക്കണമെന്നും വിദഗ്‌ധ പരിശീലനം ലഭിച്ച ലൈബ്രേറിയനെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സാമ്പത്തികസ്‌ഥിതി മോശമായതിനാല്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ആരംഭിക്കാനും ലൈബ്രേറിയന്‍ തസ്‌തികകള്‍ സൃഷ്‌ടിക്കാനും കഴിയില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന മറുപടി. ലൈബ്രറി സയന്‍സ് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ നവകേരള സദസില്‍ സ്‌കൂളുകളിലെ ലൈബ്രേറിയന്‍ നിയമനവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ സാമ്പത്തിക പരാധീനതകള്‍ മൂലം തസ്‌തിക സൃഷ്‌ടിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. സര്‍ക്കാര്‍, എയ്‌ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2000 ത്തിനടുത്ത് ലൈബ്രേറിയന്മാരെയാണ് നിയമിക്കേണ്ടത്.
സ്വയംഭരണ സ്‌ഥാപനമായ കേരളാ ലൈബ്രറി കൗണ്‍സിലിന്റെ അധീനതയിലുള്ള ഗ്രാമീണ വായനശാലകള്‍ക്കും പബ്‌ളിക്ക് ലൈബ്രറികള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണ് പൊതു വിദ്യാലയളിലെ ലൈബ്രറികളോട് വിവേചനം എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനവുമായി ബന്ധപ്പെട്ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ ലൈബ്രറിയുടെ ആവശ്യകതയെക്കുറിച്ച് വ്യക്‌തമായി പറയുന്നുണ്ട്. കൂടാതെ ലൈബ്രേറിയന്റെ സേവനത്തെക്കുറിച്ചും പ്രതിപാദിക്കുന്നുമുണ്ട്.
ജി. അരുണ്‍





