
ന്യൂഡൽഹി: കേരളമുഖ്യമന്ത്രിയെ തീരുമാനിക്കാൻ രാഹുൽ ഗാന്ധി പെടാപാടുപെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാക്കുന്നു. തീരുമാനം വൈകിയതിന്റെ എല്ലാ പഴിയും അദ്ദേഹത്തിനു ചുമലിലേറ്റേണ്ടിവന്നു.
കോൺഗ്രസ് കുടുംബത്തിലെ യുവനേതാവ്, രാജീവ് ഗാന്ധിയുടെ മകൻ, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ, നെഹ്രുവിന്റെ പാരമ്പര്യം നിലനിർത്തേണ്ടയാൾ ഇങ്ങനെ രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ, ഇപ്പോൾ കേരള മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ രാഹുൽ പാടുപെടുന്നത് അദ്ദേഹത്തിന്റെ ദൗർബല്യം വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പൂർവികർ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രബലരായിരുന്നതാണ് രാഹുലിൽ അമിത പ്രതീക്ഷയുണ്ടാവാനും തുടർന്ന് കടുത്ത നിരാശയുണ്ടാവാനും കാരണമാകുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് കുടുംബത്തിന്റെ പ്രതിനിധിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ തടയുന്നത് എന്താണ്. രാഷ്ട്രീയ അടവുനയങ്ങൾ പയറ്റാനുള്ള കഴിവുകേടാണിതെന്നാണ് മാധ്യമങ്ങൾ വിമർശിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് വരെ ഉയർന്നുകേട്ട പേരുകാരൻ കേരളത്തിലെ ഗ്രൂപ്പ്പോരു കണ്ട് ആശയക്കുഴപ്പത്തിലായി. കേരളത്തിൽ നടക്കുന്ന സതീശൻ അനുകൂല പ്രകടനങ്ങൾ യഥാർത്ഥ ജനവികാരമാണോ അതോ തന്റെ അടുത്ത സുഹൃത്തായ കെസി വേണുഗോപാൽ പറയുന്നതുപോലെ പിആർ വർക്ക് മാത്രമാണോ എന്നും തിരിച്ചറിയാൻ സാധിച്ചില്ല.
വിഷയത്തിൽ, മല്ലികാർജുൻ ഖർഗെയും രാഹുലും തമ്മിൽ ഒന്നിലധികം കൂടിക്കാഴ്ചകൾ നടന്നു. നിരീക്ഷകരെ കേരളത്തിലേക്ക് അയച്ച് കോൺഗ്രസ് എംഎൽഎമാരുടെ മനസ്സറിഞ്ഞു. അതിലും സംശയം തീരാഞ്ഞ് മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അവസാനനിമിഷം ഡൽഹിയിലുണ്ടായിരുന്ന കെ.സി വേണുഗോപാലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തി. ചർച്ചകൾ എല്ലാം അവസാനിച്ചിട്ടും സംശയം തീരാതെ വീണ്ടും ചർച്ചകൾ നടത്തുന്ന രാഹുൽ ഗാന്ധിയെയാണ് കേരളം അസ്വസ്ഥതയോടെ നിരീക്ഷിച്ചത്. ജനഹിതം അറിഞ്ഞശേഷം തീരുമാനമെടുക്കാനുള്ള 11 നാളുകളുടെ താമസം ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ സാധിക്കില്ല. അത് ജയിപ്പിച്ചവരെ അവഹേളിക്കൽ തന്നെയാണെന്ന പൊതുവികാരം ഇപ്പോൾ പ്രബലമാണ്.
കോൺഗ്രസിന്റെ പ്രധാന ഘടകകക്ഷികൾ എല്ലാം തീരുമാനം വൈകുന്നതിനെ എതിർക്കുന്നു. വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ‘വയനാട് അടുത്ത അമേഠി’ എന്ന് മുന്നറിയിപ്പു നൽകുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും തീരുമാനം വൈകിപ്പിക്കുന്നതിനെ അണികൾ ഒരു തരത്തിലും അംഗീകരിക്കുന്നില്ല എന്ന തെളിവ് ആണ് നൽകിയത്. “ജനാധിപത്യത്തിന്റെ മനോഹാരിത”യെ കുറിച്ച് വാതോരാതെ പറയുന്ന കോൺഗ്രസിനു മുഖമടച്ച് കിട്ടിയ ഒരു പ്രഹരമാണ് ഒരിക്കലും അവസാനിക്കാത്ത ചർച്ചകളും തീരുമാനമെടുക്കാനുള്ള കഴിവുകേടും.






