
ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അതിരടി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസ് എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ടൊവിനോ എത്തുന്നത്. ഇപ്പോഴിതാ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് പറയുകയാണ് നടന് ബേസില്‍ ജോസഫ്. ടൊവിനോ ചെയ്യട്ടെയെന്ന് കരുതിയതോടെ സ്ക്രിപ്റ്റ് കുറച്ചു കൂടി റീവര്‍ക്ക് ചെയ്തുവെന്നും ബേസില്‍ പറഞ്ഞു.
“ആദ്യം സിനിമയിൽ നെഗറ്റീവ് റോളിലേക്ക് വേറെയൊരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നെ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ എന്നോർത്തു. അവൻ ചെയ്താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അതുകൊണ്ട് അവനെ കൊണ്ടുവന്നു. പിന്നീട് ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല. അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”. ബേസിൽ പറഞ്ഞു.
അരുണ്‍ അനിരുദ്ധന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്, ഷാന്‍ റഹ്മാന്, റിയ ഷിബു, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്, വിഷ്ണു അഗസ്ത്യ, ശാന്തിവിള ദിനേശ്, ജിയോ ബേബി, പി. സുകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബേസില്‍ ജോസഫ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.






