
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘കേരള മോഡൽ’ ആവുകയാണ് വി.ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനം. മുഖ്യമന്ത്രി ചർച്ചയിൽ ഒരു സമയത്ത് പിന്തള്ളപ്പെട്ടു എന്ന് തോന്നിച്ച സതീശൻ അവസാന നിമിഷ ട്വിസ്റ്റിലൂടെയാണ് തിരികെ വന്നത്. സതീശന്റെ തിരിച്ചുവരവ് ഗാന്ധികുടുംബത്തിലെ അധികാര കേന്ദ്രങ്ങളിലും മാറ്റങ്ങൾ വരുത്തുമോയെന്ന ചിന്തയ്ക്കും ‘സതീശൻ മോഡൽ’ തിരികൊളുത്തുന്നു.
കോൺഗ്രസ് ഇതുവരെ തുടർന്ന് വന്നത് നമ്പറുകളെ അടിസ്ഥാനമാക്കിയുള്ളതും ഗാന്ധികുടുംബത്തിന്റെ പ്രത്യേകിച്ച്, രാഹുൽ ഗാന്ധിയുടെ, പിന്തുണയെ അടിസ്ഥാനമാക്കിയുള്ളതുമായ ‘പവർ ഗെയിം’ ആയിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെയെല്ലാം മുഖ്യമന്ത്രി സ്ഥാനനിർണയം ഇതനുസരിച്ചായിരുന്നു. എന്നാൽ, ഇത്തവണ കേരളത്തിന്റെ കാര്യത്തിൽ ഗാന്ധികുടുംബം ഒരേ അഭിപ്രായത്തിലായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അത് കേരളത്തിൽ ഒറ്റപ്പേരിലേക്കുള്ള തീരുമാനം വൈകിപ്പിക്കുകയും ചെയ്തു.
ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച്, സോണിയ ഗാന്ധി മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്കാണ് പിന്തുണ നൽകിയത്. രാഹുൽ ഗാന്ധിയാവട്ടെ തന്റെ അടുത്ത സുഹൃത്തായ കെ.സി വേണുഗോപാലിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല. പക്ഷേ കേരളത്തിൽ നിന്നുള്ള എംപി ആയ പ്രിയങ്കയുടെ മനസ്സ് വി.ഡി സതീശനൊപ്പമായിരുന്നു. അത് വിജയിക്കുകയും ചെയ്തു. അതായത്, ജനവികാരം കൃത്യമായി മനസ്സിലാക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്ന് കരുതാം. ഇത് രാഹുലിന്റെ കഴിവുകേടായും വ്യാഖാനിക്കപ്പെട്ടേക്കാം. സതീശന്റെ വിശ്വാസ്യതയും താഴേതട്ടുവരെയുള്ള സ്വീകാര്യതയും അതിനുവേണ്ട ഊർജ്ജം നൽകി.
എന്തായാലും അധികാരകേന്ദ്രങ്ങളെ വരുതിക്ക് നിർത്താനുള്ള കേരളത്തിലെ ശ്രമം വിജയം കണ്ടു. ഇനി മറ്റു സംസ്ഥാനങ്ങളിലും ഇത് ഒരു മാതൃകയായി ചർച്ചചെയ്യപ്പെടുമെന്നുതന്നെയാണ് കരുതുന്നത്.






