
തിരുവനന്തപുരം: പുതിയതായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിയമസഭയില്‍ തുടങ്ങി. കളമശേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോട്ടേം സ്പീക്കറായി കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ട ജി സുധാകരനാണ് എംഎല്‍എ മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാവിലെ 9 മണിയോടെ കുടുംബത്തിന്റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമൊക്കെ സാന്നിദ്ധ്യത്തിലായിരുന്നു എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ നടന്നത്. കളമശ്ശേരിയില്‍ കന്നിയങ്കത്തില്‍ പി. രാജീവിനെ തോല്‍പ്പിച്ച മദ്ധ്യമകരളത്തിലെ ഏക മുസ്‌ളീംലീഗ് എംഎല്‍എയായ അബ്ദുള്‍ ഗഫൂറായിരുന്നു ആദ്യം പ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എന്നപോലെ സത്യപ്രതിജ്ഞയ്ക്കും ഒരുപറ്റം ചെറുപ്പക്കാരുമായി സൈക്കിളിലായിരുന്നു പുതുപ്പള്ളി എംഎല്‍എ യും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എത്തിയത്.
സത്യപ്രതിജ്ഞ നടത്തിയ മിക്കവാറും പേരും ദൈവനാമത്തിലും സഗൗരവവവും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക ശപഥം ചെയ്യുകയായിരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ. അഷ്‌റഫ് കന്നഡത്തിലായിരുന്നു പ്രതിജ്ഞ ചെയ്തത്. സഭയിലെ ഏറ്റവും കൗതുകം കെ.എസ്.യു. നേതാവും ബാലുശേരിയില്‍ നിന്നുള്ള നിയുക്ത എംഎല്‍എയുമായ വി.ടി. സൂരജാണ്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. മന്ത്രിമാരും വകുപ്പുകളും ഇന്നലെ തീരുമാനമായിരുന്നു.
കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുമ്പാകെ പ്രോ ടേം സ്പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന പരിഗണനയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെയുള്ള നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് നാളത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.






