കേരള രാഷ്ട്രീയത്തിലെ ഏറെ ആകാംക്ഷ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്കും, പാര്‍ട്ടിക്കുള്ളിലെ വാദപ്രതിവാദങ്ങള്‍ക്കും, ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനുമൊടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും രാഷ്ട്രീയ കേരളം അതേ ഉദ്വേഗത്തോടെയാണ് വീക്ഷിച്ചത്. ഒടുവില്‍, പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണം, ഗ്രൂപ്പ് സമവാക്യങ്ങള്‍, സീനിയോറിറ്റി എന്നിവയെ മാത്രം മാനദണ്ഡമാക്കാതെ പൊതുവികാരത്തിനും ജനാഭിപ്രായത്തിനും മുന്‍ഗണന നല്കി ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊണ്ടുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. ജനവികാരം മാനിക്കപ്പെട്ടു എന്നത് കോണ്‍ഗ്രസിന്റെ പതിവ് രീതികളില്‍നിന്നുള്ള ശുഭകരമായ മാറ്റമാണ്.
എന്നാല്‍, 102 സീറ്റുകളുടെ വന്‍ ഭൂരിപക്ഷം നേടിയ മുന്നണിക്ക് മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഇത്രയും ദിവസം വേണ്ടിവന്നത് അനാവശ്യമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. ജനങ്ങള്‍ വ്യക്തമായ വിധിയെഴുതിയ സാഹചര്യത്തില്‍ അധികാരചര്ച്ചകള് നീണ്ടുപോയത് ഒഴിവാക്കാവുന്നതായിരുന്നു. എന്നിരുന്നാലും, അവസാനഘട്ടത്തില്‍ പൊതുവികാരത്തോട് യോജിച്ചുകൊണ്ടുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത് ശ്രദ്ധേയമാണ്. ജനമനസിന്റെ സൂചനകള്‍ വായിക്കാന്‍ നേതൃത്വം തയാറായെന്നതും ഇതിലൂടെ വ്യക്തമാകുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ പാര്‍ലമെന്ററി രംഗം വരെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടും വ്യക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ നേതാവാണ് സതീശന്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സഭയ്ക്കകത്തും പുറത്തും ആക്രമണാത്മകമായ രാഷ്ട്രീയശൈലിയാണ് അദ്ദേഹം പിന്തുടര്ന്നത്. എന്നാല്‍, പ്രതിപക്ഷ രാഷ്ട്രീയവും ഭരണവും രണ്ട് വ്യത്യസ്ത ലോകങ്ങളാണ്. വിമര്‍ശിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ നയിക്കുന്ന നിലയിലേക്ക് മാറുമ്പോള്‍ സമീപനത്തിലും മുന്‍ഗണനകളിലും സ്വാഭാവികമായ മാറ്റം ആവശ്യമായി വരും. അതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ പരീക്ഷണം.. മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലേക്കെത്തുന്ന സതീശന്റെ മുന്നിലുള്ളത് പൂമെത്തയല്ല.
അതിലുപരി, മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തില്‍ പങ്കെടുത്തിരുന്ന മുതിര്‍ന്ന നേതാക്കളെയും വിവിധ ഗ്രൂപ്പുകളെയും ഒപ്പം കൂട്ടി മുന്നോട്ടുപോകേണ്ടത് നിര്‍ണായകമാണ്. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ച വിഭാഗങ്ങളിലെ അസംതൃപ്തി കൈകാര്യം ചെയ്യുന്നതും മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതും ആദ്യഘട്ട രാഷ്ട്രീയ വെല്ലുവിളികളാകും. അധികാരവിഭജനത്തിലെ സമതുലിതാവസ്ഥ ഉറപ്പാക്കുകയെന്നതു പ്രധാനമാണ്.
ഘടകകക്ഷികളുടെ സഹകരണത്തോടെ ഭരണയന്ത്രം ചലിപ്പിക്കുമ്പോള്‍ 'ടീം യു.ഡി.എഫ്' എന്ന സങ്കല്പം വെറും വാക്കിലൊതുങ്ങരുത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭരണം ലഭിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ ആകാശത്തോളമാണ്;ആ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് വലിയ ബാധ്യതയാണ്.
ഭരണതലത്തിലെ വെല്ലുവിളികള്‍ അതിലും സങ്കീര്‍ണമാണ്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് ജനക്ഷേമവും ധനശാസ്ത്ര ഉത്തരവാദിത്വവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടിവരും. ട്രഷറി നിയന്ത്രണങ്ങള്‍, കടബാധ്യത, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ പ്രതിസന്ധി, വന്യജീവി ആക്രമണങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം-ഇവയെല്ലാം അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്ന വിഷയങ്ങളാണ്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും ക്രിയാത്മകമായ നടപടികള്‍ ഉണ്ടാവണം. വിഴിഞ്ഞം പോലുള്ള വലിയ പദ്ധതികളുടെ പുരോഗതി ഉറപ്പാക്കുന്നതിനൊപ്പം വിവാദ വിഷയങ്ങളില്‍ വ്യക്തമായ നയനിലപാടും സര്‍ക്കാര്‍ സ്വീകരിക്കണം.
ജനവിധി അധികാരം നേടാനുള്ള അനുമതിപത്രം മാത്രമല്ല;ഭരണത്തിന്റെ ഗുണനിലവാരം തെളിയിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ്. തെരഞ്ഞെടുപ്പ് വിജയത്തെ രാഷ്ട്രീയ നേട്ടമായി മാത്രം കാണാതെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള അവസരമായി വി.ഡി. സതീശന് കാണേണ്ടതുണ്ട്. ജനവികാരത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ഉയര്‍ച്ച നടന്നത്.
അതേ ജനവികാരത്തോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്. അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണം കാഴ്ചവയ്ക്കുക എന്നതാകണം സതീശന് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രതിപക്ഷത്തെയും ചേര്‍ത്തുനിര്‍ത്താന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയട്ടെ. ജനങ്ങള്‍ അര്‍പ്പിച്ച വലിയ ഉത്തരവാദിത്വം പക്വതയോടെയും ഇച്ഛാശക്തിയോടെയും സതീശന് നിറവേറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.





