
തിരുവനന്തപുരം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ വി.ഡി. സതീശന് നിയമസഭാ കക്ഷി നേതാവാകുന്നത് മുസ്ലീം ലീഗ് എടുത്ത കര്‍ക്കശ നിലപാടിനെത്തുടര്‍ന്ന്. എം.എല്‍.എ. അല്ലാത്ത ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്കോ നേതൃസ്ഥാനത്തേക്കോ കൊണ്ടുവന്നാല്‍ പുറത്തുനിന്നു മാത്രമേ പിന്തുണയ്ക്കൂ എന്ന ലീഗിന്റെ മുന്നറിയിപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കി.
ജനവികാരം സതീശന് അനുകൂലമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ക്ക് പുതിയ മാനം കൈവന്നത്. ലീഗിനെ പിണക്കുന്നത് വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ വിജയത്തെപ്പോലും ബാധിക്കുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിലുണ്ടായി. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോഴും വി.ഡി. സതീശനുവേണ്ടി പ്രിയങ്കാ ഗാന്ധി ഉറച്ചുനിന്നു. മുസ്ലിം ലീഗ് നേതൃത്വം പ്രിയങ്കയുമായി നേരിട്ട് ആശയവിനിമയം നടത്തിയതും നിര്‍ണായകമായി.
കഴിഞ്ഞ 13 നു രാത്രി നടന്ന രാഹുല്‍--ഖാര്‍ഗെ ചര്‍ച്ചയ്ക്കു ശേഷമാണ് ലീഗ് അവരുടെ നിലപാട് കൂടുതല്‍ ശക്തമായി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഇതോടെ അതുവരെ നിലനിന്ന സമവാക്യങ്ങള്‍ മാറിമറിഞ്ഞു. 13 നു ലീഗ് നേതൃയോഗം നടന്നിരുന്നു. ഇതിലായിരുന്നു ഉറച്ചതീരുമാനം എടുത്തത്. ലീഗ് മന്ത്രിസഭയില്‍ ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫിന്റെ അടിത്തറ ഇളകുമെന്ന് ഡല്‍ഹിയിലുള്ളവര്‍ വിലയിരുത്തി.
ഇതോടെ വീണ്ടും ചര്‍ച്ചകള്‍ നടന്നു. ഇന്നലെ രാവിലെ രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലുമായി സംസാരിക്കുകയും സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിയങ്കയും ചര്‍ച്ചകളില്‍ ഇടപെട്ടു. രമേശ് ചെന്നിത്തലയെ സമവായ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് ലീഗിനെ വീണ്ടും പ്രകോപിപ്പിക്കുമോ എന്ന ആശങ്കയും വന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ സതീശനിലേക്ക് എത്തിച്ചത്.
രാഹുലിന്റെ നിര്‍ദേശം കെ.സി ഉള്‍ക്കൊണ്ടു. ലീഗിനെ വിമര്‍ശിച്ച് എന്‍.എസ്.എസ്. രംഗത്തു വന്നതിന് പിന്നാലെയാണ് അവര്‍ കടുത്ത നിലപാടിലേക്ക് പോയതും ഹൈക്കമാന്‍ഡിനെ പ്രതിഷേധം അറിയിച്ചതും. ഈ വിധം ഹൈക്കമാന്‍ഡിനോട് പരസ്യമായി പ്രതിഷേധം അറിയിക്കാന്‍ ലീഗ് തയാറായത് കോണ്‍ഗ്രസ് ഗ്രൂപ്പ് മാനേജര്‍മാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട്.






