
കോഴിക്കോട് : ചെറുവണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു. ഇന്നലെ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ കത്തുന്ന കാറിനുള്ളില്‍ കുടുങ്ങി പൊള്ളലേറ്റ് മരിച്ചത് കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയില്‍ പോയി മടങ്ങുമ്പോള്‍ വീടിന് ഒന്നര കിലോമീറ്റര്‍ പുറകില്‍ വെച്ച് കാറില്‍ പൊട്ടല്‍ കേട്ടതായും തീ പടരുന്നത് കണ്ടെന്നും ദൃക്സാക്ഷി പറഞ്ഞു.
കാര്‍ സെന്‍ട്രലൈസ്ഡ് ലോക്ക് ആയിരുന്നതിനാല്‍ വാതില്‍ തുറക്കാനാകാതെയാണ് സോന മരിച്ചത്. ഭര്‍ത്താവ് ലാലിനും പൊള്ളലേറ്റു. ഇയാളെ 60 ശതമാനം പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറി. സോനയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടം നടക്കുമ്പോള്‍ സോന കാറിന്റെ പിന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
കാര്‍ തീപിടിച്ചപ്പോള്‍ തന്നെ ശരീരമാസകലം തീ പടര്‍ന്ന നിലയില്‍ ലാല്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാള്‍ കണ്ടെത്തിയ നാട്ടുകാര്‍ പെട്ടെന്ന് വെള്ളമെടുത്തൊഴിച്ചും മറ്റും ഇയാളുടെ തീ കെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ സമയത്ത് കാറിനുള്ളില്‍ സോനയുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞില്ല. പിന്നീടാണ് കാറിന്റെ പിന്‍സീറ്റിലും ആളെ കണ്ടത്.
ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടി കാറിന്റെ മുകളില്‍ വെള്ളമൊഴിച്ചു കെടുത്തി. അതേസമയം കാറിന്റെ ലോക്ക് തുറക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് സോനയെ പുറത്തെത്തിച്ചതെങ്കിലും ഈ സമയം അവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അതേസമയം എഞ്ചിനില്‍ നിന്നല്ല തീ പടര്‍ന്നതെന്നും കാറിന്റെ പിന്നില്‍ നിന്നാണെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അധികം പഴക്കമില്ലാത്ത സ്വിഫ്റ്റ് കാറാണ് ഇത്. എന്താണ് സംഭവിച്ചതെന്നറിയാന്‍ ഇന്ന് രാവിലെ 10 മണിയോടെ ഫോറന്‍സിക് എത്തി പരിശോധന നടത്തും.






