ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വഴി മുടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ലഖ്നൗ ഏഴ് വിക്കറ്റിനു ജയിച്ചതോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ മങ്ങി. ജയിച്ചെങ്കിലും ലഖ്നൗ അവസാന സ്ഥാനത്തു തുടരുകയാണ്. 12 കളികളില്‍നിന്ന് എട്ട് പോയിന്റാണ് ആകെ നേട്ടം. 19-ാം സീസണില്‍ നാല് മത്സരങ്ങളാണ് ആകെ ജയിച്ചത്. എട്ട് മത്സരങ്ങളും തോറ്റു. 12 കളികളില്‍നിന്ന് 12 പോയിന്റുള്ള സൂപ്പര്‍ കിങ്സ് ആറാം സ്ഥാനത്താണ്. ലഖ്നൗവിനെതിരേ ജയിച്ചിരുന്നെങ്കില്‍ ആദ്യ നാലില്‍ എത്താമായിരുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് പരമാവധി 16 പോയിന്റാകും. മറ്റു ടീമുകളുടെ മത്സര ഫലവും നെറ്റ് റണ്‍റേറ്റും പരിഗണനാ വിഷയമാകും.
സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സുമാണ് അടുത്ത എതിരാളികള്‍. ഇരുവരും സി.എസ്്.കെയെപ്പോലെ പ്ലേ ഓഫിന് അരികിലാണ്. വെള്ളിയാഴ്ച ഏക്നയിലെ വാജ്പേയ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന് ഋഷഭ് പന്ത് സൂപ്പര്‍ കിങ്സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്ണെടുക്കാനെ ചെന്നൈയ്ക്കായുള്ളു. മറുപടി ബാറ്റ് ചെയ്ത ലഖ്നൗ കളി തീരാന്‍ 20 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (38 പന്തില്‍ ഏഴ് സിക്സറും ഒന്‍പത് ഫോറുമടക്കം 90), നികോളാസ് പൂരാന് (17 പന്തില്‍ നാല് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 32) എന്നിവരാണു ചെന്നൈയില്‍നിന്നു ജയം തട്ടിപ്പറിച്ചത്. അന്ശുല് കാംബോജ് 17-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 24 പന്തില്‍ 24 റണ്‍. തുടരെ നാല് പന്തുകളും സിക്സറടിച്ച പൂരാന് ജയം എളുപ്പത്തിലാക്കി. മാര്‍ഷും ജോഷ് ഇംഗ്ലിഷും (32 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 36) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 135 റണ്ണെടുത്തു. 26 പന്തിലാണ് അവര്‍ 50 റണ്ണെടുത്തത്. അവര്‍ 44 പന്തില്‍ 100 റണ്ണും കടന്നു. 21 പന്തില്‍ 50 കടന്ന മാര്ഷാണു കൂടുതല്‍ ആക്രമിച്ചത്. ഇംഗ്ലിഷും മാര്‍ഷും അടുത്തടുത്ത പന്തുകളില്‍ പുറത്തായി. മുകേഷ് ചൗധരി ഇംഗ്ലിഷിനെ ഉര്‍വില്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. മാര്‍ഷ് റണ്ണൗട്ടായി. തുടര്‍ന്നു വന്ന അബ്ദുള്‍ സമദിനും (മൂന്ന് പന്തില്‍ ഏഴ്) പിടിച്ചു നില്ക്കാനായില്ല. മുകേഷ് ചൗധരിയാണു (10 പന്തില്‍ 13) പൂരാനൊപ്പം നിന്നത്. 42 പന്തില്‍ അഞ്ച് സിക്സറും ആറ് ഫോറുമടക്കം 71 റണ്ണെടുത്ത കാര്‍ത്തിക് ശര്‍മയാണു ചെന്നൈയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ശിവം ദുബെയും (16 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 32) പ്രശാന്ത് വീറും (10 പന്തില്‍ 13) നടത്തിയ പോരാട്ടങ്ങളാണു സ്കോര്‍ 180 ലെത്തിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണ് (20 പന്തില്‍ 20), നായകന് കൂടിയായ ഋതുരാജ് ഗെയ്ക്വാദ് (ഒന്‍പത് പന്തില്‍ 13) എന്നിവര്‍ നിരാശപ്പെടുത്തി.
മൂന്നാം ഓവറില്‍ ഋതുരാജിനെ അരങ്ങേറ്റക്കാരന്‍ ആകാശ് സിങ് നികോളാസ് പൂരാന്റെ കൈയിലെത്തിച്ചു. വൈകാതെ സഞ്ജുവിനെ ആകാശ് മുകേഷ് ചൗധരിയുടെ കൈയിലുമെത്തിച്ചു. ഉര്‍വില്‍ പട്ടേലിനും (ഏഴ് പന്തില്‍ ആറ്) മികവ് തുടരാനായില്ല. ഉര്‍വിലിനെ ആകാശ് സിങ് മിച്ചല്‍ മാര്‍ഷിന്റെ കൈയിലെത്തിച്ചതോടെ സൂപ്പര്‍ കിങ്സ് പവര്‍പ്ലേ അവസാനിക്കുമ്പോഴേക്കും തളര്‍ന്നു. കാര്‍ത്തിക്കും ഡെവാള്‍സ് ബ്രെവിസും (16 പന്തില്‍ രണ്ട് സിക്സറടക്കം 25) ചേര്‍ന്നതോടെ ഇന്നിങ്സിനു വേഗമായി. നാലാം വിക്കറ്റ് കൂട്ടുകെട്ട് 33 പന്തില്‍ 50 കടന്നു. 35 പന്തിലാണു കാര്‍ത്തിക്ക് ശര്‍മ അര്‍ധ സെഞ്ചുറി കടന്നത്. ടീം സ്കോര്‍ 122 ലെത്തിയ ശേഷമാണു കൂട്ടുകെട്ട് തകര്‍ന്നത്്. ബ്രെവിസിനെ മുഹമ്മദ് ഷമിയുടെ പന്തില്‍ ആകാശ് സിങ് പിടികൂടി. അടുത്ത ഓവറില്‍ കാര്‍ത്തികിന്‍െ ഷാബാദ് അഹമ്മദും പുറത്താക്കി. ലഖ്നൗവിനായി ആകാശ് സിങ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമിയും ഷാബാസ് അഹമ്മദും ഒരു വിക്കറ്റ് വീതവുമെടുത്തു.




