
കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ പഴം പച്ചക്കറി മാർക്കറ്റുകളിൽ വ്യാപക പരിശോധന. പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റിയുടെ പ്രത്യേക സംഘം മേഖലയിലെ 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് ഒരേസമയം കർശന പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ ഭക്ഷ്യ സംഭരണ ശാലകളിൽ നിന്നായി 52 നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള കർശന നിയമപ്രകാരം അടിയന്തര നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.
മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.






