
വി.ഡി സതീശന് മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി നരേന്ദ്ര മോദിയുടെ എക്സ് പോസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകള്‍ പങ്കുവച്ചത്.
'കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി. ഡി സതീശന് ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്മെന്റിന് കേന്ദ്ര ഗവണ്മെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു', നരേന്ദ്രമോദി കുറിച്ചു.
യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മല്ലികാര്‍ജ്ജുന ഖാര്‍ഗേ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, കേരളത്തിലെ കോണ്‍ഗ്രസിന്റെ വിവിധ മുതിര്‍ന്ന നേതാക്കള്‍, നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എ യുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരെല്ലാം ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.






