
മകൻ ബാബിൽ ഖാന് ജന്മദിനാശംസകൾ നേർന്ന് അന്തരിച്ച പ്രശസ്ത നടൻ ഇർഫാൻ ഖാന്റെ ഭാര്യ സുതപ സിക്ദർ പങ്കുവെച്ച ഹൃദയസ്പർശിയായ കവിത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മകനോടുള്ള ആഴമേറിയ സ്നേഹവും അനുഗ്രഹങ്ങളും നിറഞ്ഞതാണ് ഈ വരികൾ. ബാബിലിന്റെ കുട്ടിക്കാലം മുതലുള്ള മനോഹരമായ ഓർമ്മച്ചിത്രങ്ങൾ ചേർത്തുവെച്ച ഒരു കൊളാഷും ഈ ആശംസയ്ക്കൊപ്പം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
‘നിന്റെ പേര് ആകാശത്തോളം ഉയരത്തിൽ പ്രകാശിക്കട്ടെ.. പക്ഷേ നിന്റെ പാദങ്ങൾ എപ്പോഴും മണ്ണിൽ ഉറച്ചുതന്നെ ഇരിക്കണം. ചന്ദ്രനും നക്ഷത്രങ്ങളും നിനക്ക് അരികിലുണ്ടാകട്ടെ, സമാധാനമുള്ള ഉറക്കം നിന്റെ കണ്ണുകളിൽ എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ, ജന്മദിനാശംസകൾ! എൻ്റെ ജീവനേ, എൻ്റെ ആയുസ്സും നിനക്ക് ലഭിക്കട്ടെ.. ഐ ലവ് യു ബാബില. അന്ന് കണ്ട ആ ചെറിയ കാൽപ്പാടുകൾ ഇപ്പോൾ പത്താം നമ്പറിലേക്ക് വളർന്നിരിക്കുന്നു! ഒരുപാട് യാത്ര ചെയ്യുക, നന്നായി യാത്ര ചെയ്യുക, ജ്ഞാനം നേടാനായി യാത്ര ചെയ്യുക, നീ ഇനിയും ഒരുപാട് വളരും," സുതപ കവിതയിലൂടെ ആശംസിച്ചു.
അതേസമയം പ്രശസ്ത സംവിധായകൻ ബാബു ജനാർദ്ദനൻ ഒരുക്കുന്ന ‘ഗാന്ധി ബസാർ സൺഡേ മാർക്കറ്റ്’ എന്ന ചിത്രത്തിലൂടെ ബാബിൽ ഖാൻ മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ്. ഗുരുകൃപ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. "ബാബിൽ ഖാനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതിൽ ഏറെ അഭിമാനമുണ്ട്; ഒരു പുതിയ യാത്ര ഇവിടെ ആരംഭിക്കുകയാണ്," എന്ന് അണിയറപ്രവർത്തകർ കുറിച്ചു. അപർണ ബാലമുരളി, ദീപക് പറമ്പോൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലൂടെ, പിതാവ് ഇർഫാൻ ഖാന്റെ സിനിമാ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ബാബിൽ മലയാളത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.






