
മലയാള സിനിമയുടെ പ്രിയനടൻ ഇന്ദ്രൻസിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ആദരവും പങ്കുവെച്ച് യുവനടി അനഘ രവി. 45 വർഷത്തിലേറെയായി മലയാള സിനിമാ ലോകത്ത് സജീവമായ ഒരു ഇതിഹാസ താരത്തിനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ ആവേശവും, സിനിമാ ലോകത്തെത്തുന്ന പലർക്കും അഭിനേതാക്കളെക്കുറിച്ചുള്ള ചില പൊതുധാരണകളെ തിരുത്തുന്നതുമാണ് അനഘയുടെ വാക്കുകൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് ഇന്ദ്രൻസിനെക്കുറിച്ച് അനഘ വാചാലയായത്.
‘ഈ മനോഹരമായ, പ്രതിഭാധനനായ മനുഷ്യനൊപ്പം ഉണ്ടായിരുന്നപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്നും ഞാൻ എന്താണ് പഠിച്ചതെന്നും എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല .കഴിഞ്ഞ 45 വർഷമായി ഈ ഇൻഡസ്ട്രിക്ക് വേണ്ടി സ്വയം സമർപ്പിച്ച ഒരു ഇതിഹാസം, എന്നിട്ടും ഞാൻ ഇന്നുവരെ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ലളിതനായ, എളിമയുള്ള നടന്മാരിൽ ഒരാൾ
നടന്മാർ വലിയ അഹങ്കാരികളാണെന്നോ, അവർക്ക് എല്ലാം വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണെന്നോ, അല്ലെങ്കിൽ അവർ കഠിനാധ്വാനികളല്ലെന്നോ ചിന്തിക്കുന്ന ആരുമുണ്ടെങ്കിൽ— അദ്ദേഹത്തെ ഒന്ന് കണ്ടുമുട്ടുന്നത് നിങ്ങളുടെ ആ ചിന്താഗതിയെ മാറ്റും. ചില മനുഷ്യർ അവരുടെ കലയിലൂടെ മാത്രമല്ല, അവർ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്നതിലൂടെയും നമ്മളെ പ്രചോദിപ്പിക്കാറുണ്ട്.എല്ലാത്തിനും നന്ദി സർ...’ അനഘയുടെ വാക്കുകള്‍.
അതേസമയം സൂര്യ നായകനാകുന്ന ‘കറുപ്പ് ’സിനിമയില്‍ അച്ഛനും മകളുമായാണ് ഇന്ദ്രന്‍സും അനഘയും എത്തുന്നത്. സിനിമയില്‍ ഇരുവരും ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നത്.






