കേരളത്തില്‍ അധികാരമേറ്റ യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങള്‍ രാഷ്‌ട്രീയപരമായും സാമൂഹികപരമായും വലിയ സന്ദേശമാണ് നല്‍കുന്നത്. ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വര്‍ധിപ്പിച്ചതും, അംഗന്‍വാടി ജീവനക്കാരുടെയും പാചകത്തൊഴിലാളികളുടെയും പ്രീൈപ്രമറി അധ്യാപകരുടെയും ആയമാരുടെയും വേതനം ഉയര്‍ത്തിയതും, സ്‌ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും, വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചതുമെല്ലാം ജനക്ഷേമ വാഗ്‌ദാനങ്ങളെ ഭരണനടപടികളാക്കി മാറ്റാനുള്ള ശ്രമങ്ങളായി കാണാം. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ അധികാരത്തിലെത്തിയ ഉടന്‍ മറക്കുന്ന രാഷ്‌ട്രീയരീതിയില്‍നിന്ന് മാറി, വാക്കു പാലിക്കാം എന്ന സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതില്‍ സംശയമില്ല.
എന്നാല്‍, ഒരു സര്‍ക്കാരിന്റെ യഥാര്‍ത്ഥ പരീക്ഷണം പ്രഖ്യാപനങ്ങളിലല്ല, അവയുടെ സ്‌ഥിരതയിലും നടപ്പാക്കലിലുമാണ്. ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. കോവിഡ് കാലത്തും പൊതുജനാരോഗ്യ രംഗത്തും ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്‌തവരില്‍ പ്രധാനികളാണ് ആശമാര്‍. വളരെ കുറഞ്ഞ പ്രതിഫലത്തില്‍ അമിതഭാരമുള്ള ജോലികള്‍ നിര്‍വഹിച്ചുവരുന്ന ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഏറെക്കാലമായി ഉയര്‍ന്നുവരുന്നവയാണ്. അതിനാല്‍ വര്‍ധന നീതിയുക്‌തമാണ്. എന്നാല്‍ ആദ്യഘട്ടം എന്ന വിശേഷണം തന്നെയാണ് ഇവിടെ നിര്‍ണായകം. ശേഷിക്കുന്ന വര്‍ധന എപ്പോള്‍, എങ്ങനെ എന്നതില്‍ വ്യക്‌തത വേണം. ഒരുതവണ പ്രഖ്യാപിച്ച് പിന്നീട് വര്‍ഷങ്ങളോളം നീളുന്ന ഘട്ടങ്ങള്‍ ആകരുത്. സാമൂഹിക സുരക്ഷാ രംഗത്തെ അടിത്തറയായ ഇത്തരം തൊഴിലാളികള്‍ക്ക് സ്‌ഥിരതയുള്ള വേതനസംവിധാനമാണ് ആവശ്യമായത്.
അംഗന്‍വാടി ജീവനക്കാരുടെയും പാചകത്തൊഴിലാളികളുടെയും വേതനവര്‍ധനയും സമാനമായി കാണണം. ഇവര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ നട്ടെല്ലാണ്. എന്നാല്‍, ആയിരം രൂപയുടെ വര്‍ധന അവരുടെ ജീവിതച്ചെലവിനോട് താരതമ്യം ചെയ്യുമ്പോള്‍ മതിയോ എന്ന ചോദ്യം ഉയരും. വിലക്കയറ്റം, ചികിത്സാച്ചെലവ്, വിദ്യാഭ്യാസച്ചെലവ് എന്നിവ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം വര്‍ധനകള്‍ താല്‍ക്കാലിക ആശ്വാസം മാത്രമാകരുത്. സേവനമേഖലയെ മാന്യതയോടെ കാണുന്ന ദീര്‍ഘകാല നയം സര്‍ക്കാര്‍ കൊണ്ടുവരണം.
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം വ്യത്യസ്‌തമായ ചിന്തയാണ്. കേരളം വേഗത്തില്‍ വയോധിക സമൂഹമായി മാറുകയാണ്. കുടുംബഘടനകളിലെ മാറ്റം, ഒറ്റപ്പെട്ട ജീവിതം, ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക സുരക്ഷിതത്വക്കുറവ് എന്നിവ വലിയ വെല്ലുവിളികളായി ഉയരുന്നുണ്ട്. അതിനാല്‍ വയോജനക്ഷേമം ഒരു ചെറിയ സാമൂഹികക്ഷേമപദ്ധതിയായി കാണാതെ പ്രത്യേക ഭരണപരമായ പരിഗണന നല്‍കുന്നത് പ്രസക്‌തമാണ്. എന്നാല്‍, പുതിയ വകുപ്പുകള്‍ സൃഷ്‌ടിക്കുന്നതിലൂടെ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഓഫീസുകളും ഉദ്യോഗസ്‌ഥരും മാത്രമായി അത് ചുരുങ്ങരുത്. ആരോഗ്യസംരക്ഷണം, വീടുതല സേവനങ്ങള്‍, മാനസികാരോഗ്യ പിന്തുണ, ഒറ്റപ്പെട്ട വയോജനങ്ങള്‍ക്ക് സംരക്ഷണ സംവിധാനം എന്നിവയിലേക്ക് നീങ്ങുന്ന സമഗ്രനയമാണ് ആവശ്യം.
സര്‍ക്കാരിന്റെ ഏറ്റവും വലിയതും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമായ തീരുമാനം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനമാണ്. രാഷ്‌ട്രീയമായി ഇത് വലിയ ജനപ്രീതി നേടുന്ന തീരുമാനമാകും. സ്‌ത്രീകളുടെ യാത്രാചെലവ് കുറയ്‌ക്കുക, തൊഴില്‍ മേഖലയിലേക്കും വിദ്യാഭ്യാസ മേഖലയിലേക്കും കൂടുതല്‍ സ്‌ത്രീപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. പല സംസ്‌ഥാനങ്ങളും ഇതിനകം ഇത്തരം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അവിടങ്ങളില്‍ സ്‌ത്രീകളുടെ യാത്രാസൗകര്യം വര്‍ധിച്ചതായി വിലയിരുത്തപ്പെടുമ്പോഴും, സംസ്‌ഥാന ഗതാഗത കോര്‍പറേഷനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട നഷ്‌ടപരിഹാരത്തുക വലിയ സാമ്പത്തികഭാരമായി തുടരുന്നുവെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു.
ഇവിടെ കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സി. ഇതിനകം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പള വിതരണം പോലും സ്‌ഥിരതയില്ലാത്ത അവസ്‌ഥ പലവട്ടം ഉണ്ടായിട്ടുണ്ട്. ഇന്ധനവില, പെന്‍ഷന്‍ ബാധ്യത, പഴയ ബസുകള്‍, കുറഞ്ഞ സര്‍വീസ് കാര്യക്ഷമത തുടങ്ങിയവ വലിയ വെല്ലുവിളികളാണ്. ഈ സാഹചര്യത്തില്‍ സൗജന്യ യാത്ര നടപ്പാക്കുമ്പോള്‍ അതിന്റെ മുഴുവന്‍ സാമ്പത്തിക സഹായവും സര്‍ക്കാര്‍ സമയബന്ധിതമായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കേണ്ടത് നിര്‍ണായകമാണ്. മാത്രമല്ല, സ്വകാര്യ ബസ് ഉടമകള്‍ ഇതു സംബന്ധിച്ച് ഉയര്‍ത്തുന്ന പരിഗണിക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ജനകീയതയുള്ളവയാണ്. ജനങ്ങളുടെ പ്രതീക്ഷകളെ ഉണര്‍ത്തുന്നവയുമാണ്. എന്നാല്‍ ജനകീയതയും ജനക്ഷേമവും ഒരുപോലെയല്ല. സാമ്പത്തികശാസ്‌ത്രത്തെയും ഭരണകാര്യക്ഷമതയെയും അവഗണിച്ചുള്ള ജനപ്രീതി പദ്ധതികള്‍ ദീര്‍ഘകാലത്ത് തിരിച്ചടിയാകാം. അതേസമയം സാമൂഹികനീതി ഉറപ്പാക്കാനുള്ള ധൈര്യമായ ഇടപെടലുകള്‍ ഇല്ലാത്ത ഭരണവും ജനങ്ങള്‍ക്ക് പ്രയോജനകരമാകില്ല. അതിനാല്‍ ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ക്ഷേമവും സാമ്പത്തിക ഉത്തരവാദിത്വവും തമ്മിലുള്ള തുലനം കണ്ടെത്തുകയാണ്.
തുടക്കം പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ പ്രതീക്ഷയെ വിശ്വാസമാക്കി മാറ്റേണ്ടത് ഇനി വരുന്ന ഭരണനടപടികളാണ്. പ്രഖ്യാപനങ്ങളുടെ രാഷ്‌ട്രീയം കടന്ന്, സ്‌ഥിരതയുള്ള ധനകാര്യവും കാര്യക്ഷമമായ നടപ്പാക്കലും ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിയട്ടെ. ജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റം സൃഷ്‌ടിക്കുന്ന കൂടുതല്‍ ധീരമായ തീരുമാനങ്ങളിലേക്ക് ഈ തുടക്കം വഴിതെളിക്കട്ടെ.





