
ചെറുവണ്ണൂര്‍: കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സോനയുടേത് എന്ന് കരുതുന്ന പെട്രോള്‍ പമ്പില്‍ നിന്നും ക്യാനില്‍ പെട്രോള്‍ വാങ്ങിവരുന്ന ഒരു യുവതിയുടെ സിസിടിവി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. ഇത് സോനയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്. സോനയുടെ ഭര്‍ത്താവ് രഞ്ജിത്ത് ലാല്‍ പൊള്ളലേറ്റ് ചികിത്സയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് 7.30 യ്ക്കാണ് സോന ഒരു സഞ്ചിക്കകത്ത് ക്യാനില്‍ പെട്രോള്‍ വാങ്ങുന്നതും അതുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണുള്ളത്. സോന തനിച്ചാണ് പെട്രോള്‍ വാങ്ങുന്നത്. കാറില്‍ സോന പിന്‍സീറ്റിലും ഭര്‍ത്താവ് മൂന്‍ സീറ്റിലുമാണ്. കാറില്‍ നിന്നും ക്യാനിന്റെ അടപ്പും കണ്ടെത്തിയിട്ടുണ്ട്. മരിച്ച സോന എന്തിനാണ് പിന്‍സീറ്റില്‍ തനിയെ ഇരുന്നതെന്നും സോന തന്നെ തീപിടുത്തം സംഘടിപ്പിച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. സോന തനിച്ചാണോ പോയത് അതോ ഭര്‍ത്താവ് പറഞ്ഞിട്ടാണോ സോന പോയത് തുടങ്ങിയ ചോദ്യങ്ങളും ബാക്കിയാണ്. കാറിന് തീ പിടിക്കാന്‍ കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ കാറിന് പിന്നില്‍ പെട്രോളിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കാറിന് പിന്നില്‍ സ്‌ഫോടനത്തിന് സാധ്യതയുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നിരിക്കണം എന്ന് നേരത്തേ പോലീസ് സംശയിച്ചിരുന്നു. ബോണറ്റിലെ എന്‍ജിന്‍ ഭാഗത്തോ ഡീസല്‍ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ബാഗിന്റെ അവശിഷ്ടമടക്കമുള്ള വസ്തുക്കളെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 യോടെ ആശുപത്രിയില്‍ പോകണം എന്ന ്പറഞ്ഞാണ് സോനയെ ഭര്‍ത്താവ് ബന്ധുവീട്ടില്‍ നിന്നും കൊണ്ടുവന്നത്. ഒമ്പത് മണിയോടെയായിരുന്നു അപകടം. തീപിടിച്ച നിലയില്‍ രഞ്ജിത് ലാല്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു.
നേരത്തേ സോനയുടെ കുടുംബം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സോനയും ഭര്‍ത്താവ് രഞ്ജിത്ത് ലാലും തമ്മില്‍ ചെറിയ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിലുള്ള വ്യക്തത പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്ന ശേഷമേ വ്യക്തമാകു. കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിക്കുമ്പോള്‍ സോന ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ രഞ്ജിത്തിന്റെ നിലയും തുടരുന്നു.






