
തിരുവനന്തപുരം: ഭാര്യ മത്സരിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സംസ്ഥാനം മുഴുവന്‍ പാര്‍ട്ടിക്ക് കൃത്യമായ നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും എം.വി. ഗോവിന്ദനെതിരേ വിമര്‍ശനം.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്‍ പൂര്‍ണ്ണ പരാജയമാണെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. അതിനിടയില്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന നേതാക്കള്‍ ജില്ലയിലില്ലെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചു.
എം.വി. ഗോവിന്ദന്‍ പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരായിരുന്നെന്നാണ് മുതിര്‍ന്ന നേതാവ് എന്‍ രതീന്ദ്രന്‍ പറഞ്ഞത്. മുന്‍മന്ത്രി വി. ശിവന്‍കുട്ടി, കെ.എസ്. സുനില്‍കുമാര്‍ എന്നിവരാണ് സെക്രട്ടറി സ്ഥാനത്തിനായി സജീവമായി രംഗത്തുള്ളത്. ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയി വീണ്ടും എം.എല്‍.എ ആയതോടെയാണ് പുതിയൊരു സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നത്.
യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ വി. ശിവന്‍കുട്ടി കടുത്ത വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുന്‍ മേയറെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകളില്‍ നിന്നുള്‍പ്പെടെ വലിയ രീതിയിലുള്ള ജനരോഷമാണ് നേരിടേണ്ടി വന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ തുപ്പുന്നതിന് തുല്യമായ പ്രതികരണമാണ് പ്രകടിപ്പിച്ചത്. 1400 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ആ പ്രത്യേക ബൂത്തില്‍ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കും. സമവായത്തിലെത്തിയില്ലെങ്കില്‍ സ്ഥാനത്തിനായി ഒരു മത്സരമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.






