
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.റ്റി.) ഇന്നു പ്രഖ്യാപിച്ചേക്കും. പഴുതടച്ച അന്വേഷണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡി.ജി.പി: രവഡാ ചന്ദ്രശേഖറിന് നിർദേശം നൽകി.
വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിന്റെ തലവനായി നിയമിക്കുമെന്നാണ് സൂചന.
സി.പി.എം വലിയ പ്രതിരോധത്തിലായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് കൃത്യമായി അന്വേഷിച്ച്, കൊടി സുനി അടക്കമുള്ള പ്രധാന പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തിന് പോലീസ് സേനയില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. അപ്രധാന തസ്തികകളില്‍ ഒതുക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത ഇത്തരം ഒരു ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുന്നതിലൂടെ കൃത്യമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് പുതിയ സര്‍ക്കാര്‍ നല്‍കുന്നത്.
ഇടതുഭരണകാലത്ത് ലൂപ്പ് ലൈനിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. മര്‍ദനം നടത്തിയ ഗണ്‍മാന്‍മാര്‍ക്ക് പുറമെ, ദൃശ്യങ്ങള്‍ ഒളിപ്പിച്ച് പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ വ്യാജ റിപ്പോര്‍ട്ട് ചമച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും പുതിയ അന്വേഷണസംഘം നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പോലീസ് സേനയില്‍ വലിയ അഴിച്ചുപണികള്‍ക്ക് ഈ കേസ് വഴിവെച്ചേക്കും. ടി പി കേസ് അന്വേഷണത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും ഇദ്ദേഹം അടിപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സിപിഎം അകറ്റി നിർത്തിയ സംഘത്തെ രക്ഷാപ്രവര്‍ത്തന അന്വേഷണം നല്‍കുന്നത്.
വകുപ്പുവിഭജനം പൂര്‍ത്തിയാകുന്നതോടെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. നിലവിലുള്ള എഫ്.ഐ.ആറിൽ പ്രതികളായിട്ടുള്ള അനിൽകുമാർ, എസ്. സന്ദീപ് എന്നിവർക്ക് പുറമേ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലുണ്ടായിരുന്ന കൂടുതൽ പോലീസുകാർ പ്രതി പട്ടികയിൽ ഉണ്ടാകും. ഇപ്പോഴത്തെ നിസാര വകുപ്പുകൾക്ക് പുറമേ ജാമ്യമില്ലാ വകുപ്പുകളും കൂട്ടിച്ചേർക്കും. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർക്ക് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക എന്നല്ലാതെ ക്രമസ്ഥാധാന പ്രശ്നത്തിൽ ഇടപെടാൻ പോലീസ് മാന്വവൽ പ്രകാരം ഇടപെടാൻ അധികാരമില്ല. ആ സാഹചര്യത്തിൽ ലാത്തി ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചതിന് പ്രത്യേക വകുപ്പ് ചുമത്തും.
സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കും. 2023 ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍കുമാര്‍, സന്ദീപ് എന്നിവര്‍ വാഹനത്തില്‍നിന്നിറങ്ങി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഈ നടപടിയെ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ച് മുന്‍ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചിരുന്നു. മര്‍ദനമേറ്റവരില്‍ ഒരാളായ എഡി തോമസ് പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. സംഭവത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ മറച്ചുവെച്ച്, മര്‍ദനം ഇല്ലാത്ത ചില ദൃശ്യങ്ങള്‍ മാത്രം ഹാജരാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. എന്നാല്‍, പരാതിക്കാര്‍ മര്‍ദനത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതോടെ 2024 നവംബര്‍ എട്ടിന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ഉത്തരവില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുനരന്വേഷണ നീക്കം.






