
അമരാവതി: മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിയുടെ ജനനത്തിന് 40,000 രൂപയും സാമ്പത്തിക ആനുകൂല്യമായി നൽകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രഖ്യാപനം ആശങ്കകൾക്ക് വഴിവയ്ക്കുന്നു. കുട്ടികളുടെ ജനനത്തിന് പണമായി ആനുകൂല്യങ്ങൾ നൽകാനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം ഡോക്ടർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ തന്നെ വീണ്ടും പ്രസവിക്കാൻ അവരെ നിർബന്ധിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിച്ചേക്കാം. തുടർച്ചയായുള്ള ഗർഭധാരണവും പ്രസവവും സ്ത്രീകളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ, ഒറ്റത്തവണ ലഭിക്കുന്ന ഈ ധനസഹായം തീർന്നു കഴിഞ്ഞാൽ കുട്ടികളെ എങ്ങനെ വളർത്തുമെന്നതിനെക്കുറിച്ചോ സർക്കാർ ചിന്തിച്ചിട്ടില്ലെന്ന് ഡോക്ടർമാർ കരുതുന്നു.
ഒന്നിലധികം പ്രസവങ്ങൾ സ്ത്രീകളുടെ ശരീരത്തെ എങ്ങനെ തളർത്തുന്നു എന്ന് കൃത്യമായി വിശദീകരിക്കുന്നു.ഓരോ ഗർഭധാരണവും ശരീരത്തിൽ വലിയ ശാരീരിക മാറ്റങ്ങളും ആവശ്യങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രസവങ്ങളുടെ എണ്ണം കൂടുന്തോറും സ്ത്രീകളുടെ പ്രായവും കൂടുന്നു. ഇത് രണ്ടും ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ."ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെ തുടർച്ചയായി ഗർഭം ധരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രണ്ട് ഗർഭധാരണങ്ങൾക്കിടയിലുള്ള വിശ്രമകാലയളവ് വളരെ പ്രധാനപ്പെട്ടതാണ്.
സിസേറിയൻ ഇല്ലെങ്കിൽ പോലും, തുടർച്ചയായ പ്രസവങ്ങൾ കാരണം ഗർഭപാത്രത്തിന്റെ സങ്കോചിക്കാനുള്ള ശേഷി കുറയുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം. കൂടാതെ, തുടർച്ചയായ സാധാരണ പ്രസവങ്ങൾ മൂത്രസഞ്ചിയിലെയും കുടലിലെയും പ്രവർത്തനങ്ങളെ ബാധിക്കുകയും പെൽവിക് പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യാം.
ഒരു സ്ത്രീ സ്വന്തം താല്പര്യപ്രകാരം, ആരോഗ്യത്തോടെ മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകുന്നതും, പണം ലക്ഷ്യം വെച്ച് കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി പ്രസവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു ദശകമായി സംസ്ഥാനത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.






