
ഉത്തർ പ്രദേശിലെ ലഖ്‌നൗവില്‍ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി എസ് വൺ സ്ലീപ്പർ കോച്ചിൽ കയറിയ ശുചീകരണ തൊഴിലാളിയാണ് ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയിൽ ലോഹ പെട്ടിയും ബാഗും കിടക്കുന്നത് ശ്രദ്ധിച്ചത്. ഇതിൽ അസ്വാഭാവികത തോന്നിയ അദ്ദേഹം ഉടൻ തന്നെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടിയുണ്ടായിരുന്നത്.
വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സംഭവസ്ഥലത്തേക്ക് എത്തി. കോച്ചിനുള്ളിൽ കണ്ടെത്തിയ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ ഉടൽ ഭാഗം മാത്രം അതിനുള്ളിൽ കണ്ടെത്തിയത്. ഏതാണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.
പെട്ടിയിൽ ഉടൽ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാൽ അതിനടുത്ത് സൂക്ഷിച്ചിരുന്ന ബാഗ് തുറന്നപ്പോൾ അതിൽ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തുകയായിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.






