
ചൈനയില്‍ അമേരിക്കൻ പ്രസിഡന്‍റിന് പിന്നാലെ പോകുന്നത് റഷ്യൻ പ്രസിഡന്‍റാണ്. ഉടൻ, തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു എന്നാണ് ക്രെംലിൻ വക്താവ് അറിയിച്ചത്. ഷീയുടെ സഖ്യകക്ഷിയാണ് റഷ്യ. ഇറാന്‍റെയും. പക്ഷേ, അമേരിക്ക - ചൈന ബന്ധം മെച്ചപ്പെടുന്നതിൽ പുടിന് താൽപര്യമുണ്ടാവില്ല എന്നൊരു വിലയിരുത്തലുണ്ട്. ഇറാൻ യുദ്ധത്തിൽ പുടിൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. യുറേനിയം റഷ്യയിലേക്ക് കൊണ്ടു പോകാം എന്നതടക്കം. പക്ഷേ, ട്രംപ് അത് തള്ളിക്കളഞ്ഞു. 'യുദ്ധം അവസാനിപ്പിക്കാൻ നോക്കൂ' എന്നായിരുന്നു ട്രംപിന്‍റെ ഉപദേശം.
ആയുധലോബികളൊഴിച്ചാൽ ഇറാൻ യുദ്ധം ലാഭമായത് റഷ്യക്കാണ്. വിൽക്കാൻ പറ്റാതിരുന്ന എണ്ണക്ക് വിപണി കിട്ടി. എണ്ണവില കൂടി. യുക്രെയ്‍നിലേക്കുള്ള അമേരിക്കൻ ആയുധങ്ങളുടെ ഒഴുക്ക് കുറഞ്ഞു.
ഇറാന് വേണ്ടുന്നത്ര പിന്തുണയും റഷ്യ നൽകി. ഇന്‍റലിജൻസ് സഹായവും സൈബർ ശൃംഖലയും ഡ്രോണുകളും ഉൾപ്പടെ. മാത്രമല്ല, യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളും ലോകത്തിന്‍റെ തന്നെ ഊർജസുരക്ഷയും റഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പക്ഷേ, ചൈന - അമേരിക്ക ബന്ധം ശക്തമായാൽ, ഇറാൻ യുദ്ധം അവസാനിച്ചാൽ റഷ്യയ്ക്ക് നഷ്ടങ്ങളുണ്ടാവും.






