
ജയ്‌പുര്‍: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റിസ് കൂറ്റന്‍ സ്‌കോര്‍. പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്‌നൗവിന് മത്സരം അപ്രസക്‌തമാണ്. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ യശസ്വി ജയ്‌സ്വാള്‍ ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തില്‍ അഞ്ച് സിക്‌സറും 11 ഫോറുമടക്കം 96) ജോഷ് ഇന്‍ഗ്ലിഷും (29 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 60) തകര്‍ത്തടിച്ചതോടെ ലഖ്‌നൗ അഞ്ച് പന്തില്‍ 220 റണ്ണെടുത്തു. ഓപ്പണിങ് കൂട്ടുകെട്ട് 21 പന്തില്‍ 50 റണ്ണെടുത്തു. ഇംഗ്ലിഷ് 23 പന്തിലും മാര്‍ഷ് 25 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലഖ്‌നൗ വിക്കറ്റ് പോകാതെ 86 റണ്ണെന്ന നിലയിലായിരുന്നു. 48-ാം പന്തില്‍ ടീം സ്‌കോര്‍ നൂറിലുമെത്തി. ഇംഗ്ലിഷിനെ യഷ് രാജ് പുജാര പുറത്താക്കിയതോടെ ഓപ്പണിങ് ജോഡി പിരിഞ്ഞു. നികോളാസ് പൂരാനും (11 പന്തില്‍ രണ്ട് സിക്‌സറടക്കം 16) വൈകാതെ യഷ് രാജിനു വിക്കറ്റ് നല്‍കി. നായകന്‍ ഋഷഭ് പന്ത് (23 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 35) മാര്‍ഷിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ കുതിച്ചു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 35 പന്തില്‍ 50 കടന്നു. പന്ത് റണ്ണൗട്ടാകും മുമ്പ് ടീം 200 കടന്നിരുന്നു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറില്‍ മാര്‍ഷും റണ്ണൗട്ടായി. ആയുഷ് ബദോനിയെ (0) ആര്‍ച്ചര്‍ ബൗള്‍ഡാക്കി. രാജസ്‌ഥാനു വേണ്ടി യഷ് രാജ് രണ്ട് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റുമെടുത്തു. സുശാന്ത് മിശ്ര നാല് ഓവറില്‍ 46 റണ്ണും ബ്രിജേഷ് ശര്‍മ നാല് ഓവറില്‍ 44 റണ്ണും വഴങ്ങി.




