ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍ കിരീടത്തിലേക്ക്. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ 1-0 ത്തിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണു പീരങ്കിപ്പട പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനൊരുങ്ങുന്നത്. ആഴ്സെ വെംഗര്‍ കോച്ചായിരിക്കേ 2004 ലാണ് അവര്‍ അവസാനം ലീഗ് ജേതാക്കളായത്.
ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് കിരീടം ഉറപ്പിക്കാം. കോച്ച് മൈക്കിള്‍ അര്റ്റേറ്റയ്ക്ക് ഇരട്ടക്കിരീട നേട്ടത്തിനുള്ള സാധ്യത സജീവമാണ്. 30 നു നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്സണല്‍ പാരീസ് സെയിന്റ് ജെര്‍മെയ്നെ നേരിടാനിരിക്കുകയാണ്. 37 കളികളില്‍നിന്ന് 82 പോയിന്റാണ് ആഴ്സണലിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 36 കളികളിലായി 77 പോയിന്റാണ്. സിറ്റി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാലും ആഴ്സണലിന് ഒപ്പമെത്തില്ല. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ഗോളടിച്ച കായ് ഹാവ്ററ്റ്സാണ് ആഴ്സണലിന്റെ വിജയ ശില്‍പ്പി.
ബുകായോ സാകയുടെ കോര്‍ണറിനെ കിടിലന്‍ ഹെഡറിലൂടെയാണു ജര്‍മന്‍ താരം ഗോളാക്കിയത്്. 34-ാം മിനിറ്റില്‍ സാകയെ ബേണ്‍ലി ബോക്സില്‍ ലൂകാസ് പിറേസ് വീഴ്ത്തിയതിന് ആഴ്സണല്‍ പെനാല്‍റ്റിക്കായി വാദിച്ചു. വാര് പരിശോധനയും റഫറിയുടെ പെനാല്‍റ്റി അനുവദിക്കാതിരുന്ന വിധിക്ക് അനുകൂലമായി. ഹാവ്ററ്റ്സ് രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡില്‍നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. 67-ാം മിനിറ്റില്‍ ലെസ്ലി ഉഗോചുക്വുവിനെ പിന്നില്‍നിന്ന് അപകടകരമായി ടാക്കിള്‍ ചെയ്തതിനു താരത്തിന് മഞ്ഞക്കാര്‍ഡ് മാത്രമാണു ലഭിച്ചത്. വാറിലും ഹാവ്ററ്റ്സിന് അനുകൂലമായി. ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റായ ഇന്നലെ പന്ത് തൊട്ടത് അപൂര്‍വമായിരുന്നു.




