
കൊല്ലം: തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ കീഴ്ഘടകങ്ങളില്‍ നിന്നും നിരന്തരം വഞ്ചന നേരിടുന്നതായി സംശയിച്ച് സിപിഐഎം. ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വോട്ടുഷെയറുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങള്‍ സമര്‍പ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് സംശയിക്കുന്നത്.
ഇപ്പോള്‍ ഈ നല്‍കുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി ഒത്തുപോകാത്തതിനെ കുറിച്ച് ഗൗരവമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. താഴേത്തട്ടില്‍ കൃത്യമായി രാഷ്ട്രീയപ്രവര്‍ത്തനങ്ങളോ പരിപാടികളോ സംഘടിപ്പിക്കാതെ വ്യാജ റിപ്പോര്‍ട്ടുകള്‍ ചമച്ചു നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചതായി നേതൃത്വം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ക്കുന്ന ഏരിയ കമ്മിറ്റി യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ സമഗ്രമായി പഠിച്ച് കൃത്യമായ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടി ശേഖരിച്ചിരുന്ന വോട്ടുവിവരങ്ങള്‍ ഏറെ കൃത്യതയുള്ളതായിരുന്നു. എന്നാല്‍ ഇത്തവണ താഴേത്തട്ടില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് മൂന്നാം ഭരണത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നേതാക്കളെ പ്രീതിപ്പെടുത്താന്‍ വേണ്ടി വോട്ടുകണക്കുകളില്‍ മനഃപൂര്‍വ്വം മാറ്റം വരുത്തിയോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
കഴിഞ്ഞ ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഇടതുമുന്നണിക്ക് ലഭിച്ച വോട്ടുകളുടെ കൃത്യമായ കണക്കുകള്‍ മുന്‍നിര്‍ത്തി വേണം വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന പരിപാടിയും പാളിപ്പോയി. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എല്ലാ വീടുകളും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നെങ്കിലും പകുതിയിടങ്ങളില്‍ പോലും ഇത് നടപ്പായില്ല.






