
ബോളിവുഡിന്റെ താരറാണിയായി തിളങ്ങി നില്‍ക്കുന്ന താരമാണ് ആലിയ ഭട്ട്. കരിയറിലും വ്യക്തി ജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന താരം പൊതുവേദികളിലും അന്തര്‍ദേശീയ വേദികളിലും സജീവ സാന്നിധ്യമാണ്. ഈയടുത്ത് ആലിയ ഭട്ട് ഏറ്റവുമധികം തിളങ്ങിയത് ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലാണ്.
കാനില്‍ തുടർച്ചയായി രണ്ടാം തവണയും പ്രത്യക്ഷപ്പെട്ട ആലിയയെ പക്ഷേ ഇത്തവണ അന്താരാഷ്ട്ര പാപ്പരാസികൾ അവഗണിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറിലായി മാറിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പല പോസിലും ആലിയ പ്രത്യക്ഷപ്പെട്ടെങ്കിലും അന്തര്‍ദേശീയ പാപ്പരാസികള്‍ മൈന്‍ഡ് ചെയ്തില്ല എന്ന നിലയിലുള്ള ക്രൂരമായ ട്രോളിംഗുകള്‍ ആലിയ നേരിട്ടു. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേര്‍ പരിഹസിച്ചു.
എന്നാല്‍ ഇപ്പോഴിതാ ആലിയയ്ക്ക് നേരെ ദയയും ഔദാര്യവും കാണിക്കണമെന്ന് ആഹ്വാനം ചെയ്ത് സോനു സൂദ് ആലിയയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോനു സൂദ് ആലിയയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും സോനു സൂദിന്റെ എക്സ് പോസ്റ്റ് ആലിയയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
‘‘നമ്മളിൽ ഒരാൾ ഒരു അന്താരാഷ്ട്ര വേദിയിലേക്ക് നടക്കുമ്പോൾ, അത് അഭിമാനത്തിന്റെ ഒരു നിമിഷമായിരിക്കണം, കുറവുകൾ തിരയാനുള്ള ഒരു കാരണമല്ല. എല്ലാ നേട്ടങ്ങൾക്കും അർത്ഥവത്തായതുണ്ടാകാൻ ക്യാമറകളിൽ നിന്നോ, തലക്കെട്ടുകളിൽ നിന്നോ, അപരിചിതരിൽ നിന്നോ സാധൂകരണം ആവശ്യമില്ല...
അവിടെ നിൽക്കാനും, നിങ്ങളുടെ ക്രാഫ്റ്റിനെ പ്രതിനിധീകരിക്കാനും, നിങ്ങളുടെ യാത്ര കൃപയോടെ കൊണ്ടുപോകാനുമുള്ള ധൈര്യം അതിൽത്തന്നെ ഒരു നേട്ടമാണ്. ട്രോളിംഗിന് അടിമപ്പെട്ട ഒരു ലോകത്ത്, പ്രോത്സാഹനം തിരഞ്ഞെടുക്കുക. കാരണം സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്ന തിരക്കുള്ള ആളുകൾക്ക് മറ്റുള്ളവരെ വലിച്ചെറിയാൻ സമയമില്ല. പ്രകടനം തുടരുക സുഹൃത്തേ. ശരിയായ ആളുകൾ നിങ്ങളുടെ വെളിച്ചം കണ്ടു...’’എന്നാണ് സോനു സൂദ് എക്സില്‍ കുറിച്ചത്.
When one of our own walks onto an international stage, it should be a moment of pride, not a reason to search for flaws.
Not every achievement needs validation from cameras, headlines, or strangers to be meaningful. The courage to stand there, represent your craft, and carry your…— sonu sood (@SonuSood) May 15, 2026
അതേസമയം, അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് തനിക്ക് വലിയ ശ്രദ്ധ ലഭിച്ചില്ലെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ആലിയ ഭട്ട് ഒരു ട്രോളിന് മനോഹരമായി മറുപടി നൽകിയതും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെയ് 13 ന്, ആലിയ കസ്റ്റം ഐവറി സിൽക്ക് സാരി-ഗൗൺ ധരിച്ച ഒരു വീഡിയോ പങ്കിട്ടു. അതിന്റെ കമന്റ് ബോക്സില്‍, ഒരു ആരാധകൻ കുറിച്ചത്, ‘എന്തൊരു കഷ്ടം, ആരും നിങ്ങളെ ശ്രദ്ധിച്ചില്ല....’ എന്നാണ്.
അതിന് ആലിയ നല്‍കിയ മറുപടി, ‘എന്തിന് സഹതാപം, സ്നേഹം? നീ എന്നെ ശ്രദ്ധിച്ചല്ലോ....’ എന്നായിരുന്നു. ആലിയയുടെ ഈ മറുപടി താരത്തിന്റെ പോസിറ്റീവ് എനര്‍ജിക്ക് കൈയടികള്‍ നേടിക്കൊടുത്തിരുന്നു. നേരത്തെ, ഓൺലൈൻ ട്രോളിംഗിനിടെ രാഹുൽ വൈദ്യയും അലി ഗോണിയും ആലിയ ഭട്ടിന് പിന്തുണ അറിയിച്ചിരുന്നു.






