ഇന്ന് സാംസ്കാരിക വൈവിദ്ധ്യത്തിനായുള്ള ലോകദിനം. സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുക, വ്യത്യസ്തസംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുക, സംസ്കാരം സമാധാനത്തിന്റെയും വികസനത്തിന്റെയും അടിത്തറയാണെന്ന് ഓര്‍മിപ്പിക്കുക എന്നിവയാണീ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
സാംസ്കാരിക, മത, വംശീയ ഭിന്നതകള്‍ സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്നതും ഓരോ രണ്ടാഴ്ചയിലും ലോകത്ത് ഒരു ഭാഷ ഇല്ലാതാകുന്നതും യുദ്ധവും കാലാവസ്ഥാപ്രതിസന്ധിയും മൂലം പലായനം ചെയ്യുന്നവര്‍ക്ക് അവരുടെ പാട്ടും ഭാഷയും ഉത്സവവും ഭക്ഷണരീതിയും ജീവിതരീതിയുമൊക്കെ നഷ്ടമാകുന്നതും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ചെറുസംസ്കാരങ്ങളെ പാര്‍ശ്വവത്ക്കരിക്കുന്നതും ആഗോളവ്യാപകമായി 'ഒറ്റ രുചി'യുടെ സംസ്കാരം വ്യാപിക്കുന്നുതുമൊക്കെ സാംസ്കാരിക വൈവിദ്ധ്യത്തിനു ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ചെറുദ്വീപ് സമൂഹങ്ങള്‍ കടലില്‍ മുങ്ങുമ്പോള്‍ അവരുടെ ജീവിതരീതിയും നഷ്ടമാകുന്നു. മരുവത്കരണം വ്യാപിക്കുമ്പോള്‍ നാടോടി സംസ്കാരങ്ങള്‍ മാറുന്നു. കാലാവസ്ഥ മാറുമ്പോള്‍ സംസ്കാരവും മാറുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു സാംസ്കാരികപ്രശ്നം കൂടിയാണ്. രാഷ്ട്രീയമായി വലതുപക്ഷ ദേശീയതയുടെ വളര്‍ച്ചയും സാംസ്കാരിക വൈവിദ്ധ്യത്തിനു ഭീഷണിയാണ്. ശുദ്ധമായ ദേശീയ സംസ്കാരമെന്ന ആശയം രാഷ്ട്രീയമായി ഉയര്‍ത്തപ്പെടുന്നു. ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളോടെയുള്ള വായന, ന്യൂനപക്ഷങ്ങളുടെ അപരവത്കരണം എന്നിവയൊക്കെ ഇതിന്റെ ഫലങ്ങളാണ്.
ഇന്ത്യ ഒരു ബഹുസ്വര സാംസ്കാരിക ഭൂപടമാണ്. ഭാഷ, മതം, ഭക്ഷണം, വസ്ത്രം, കല, ആചാരം-ഇത്രയും വ്യത്യസ്തതകള്‍ക്കിടയിലും ഒരുമിച്ച് ജീവിക്കുന്ന സാമൂഹികാനുഭവമാണത്. നമ്മുടെ നൂറു കണക്കിനായ ഭാഷകളും പ്രാദേശിക കലാരൂപങ്ങളും ജനപാരമ്പര്യങ്ങളും ആഗോളവത്ക്കരണത്തിന്റെ സമ്മര്‍ദത്താലും വര്ഗീയാധിപത്യത്താലും നഷ്ടപ്പെട്ടേക്കാം. മുഖ്യധാരാ സംസ്കാരത്തിനു പുറത്തുള്ള ആദിവാസി, ദളിത്, പ്രാദേശിക സാംസ്കാരിക പാരമ്പര്യങ്ങളെല്ലാം സംരക്ഷിച്ചു കൊണ്ടേ ജനാധിപത്യത്തിന്റെ സാംസ്കാരികാടിത്തറ നിലനിര്‍ത്താനാവൂ.
സംസ്കാരത്തിന്റെ ഏകശിലാരൂപത്ക്കരണം, ഭാഷകളുടെ അസ്തിത്വപ്രതിസന്ധി, മത-വര്‍ഗീയ ധ്രൂവീകരണം, ആഗോളവത്ക്കരണവും വിപണിസംസ്കാരവും, ആദിവാസി ദളിത് സംസ്കാരങ്ങളുടെ അദൃശ്യവല്‍ക്കരണം, ഡിജിറ്റല്‍ മീഡിയയിലെ ഒറ്റശബ്ദം, കലാവിഷ്കാരങ്ങളുടെ രാഷ്ട്രീയനിയന്ത്രണം, പ്രാദേശിക ഉത്സവങ്ങളുടെയും പാരമ്പര്യങ്ങളുടെയും വാണിജ്യവല്‍ക്കരണം എന്നിവയെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ സാംസ്കാരികരംഗം ഫാസിസ്റ്റ് രുചിയും ഗന്ധവുമുള്ള ഒന്നായിത്തീരുന്നു. ഒറ്റ ഭാഷ, ഒറ്റ സംസ്കാരം, ഒറ്റ ദേശീയ സ്വത്വം, ഒറ്റ നിയമം, ഒറ്റ നികുതി എന്നിവ ഇന്ത്യയുടെ ബഹുസ്വരതയെ മതാധിപത്യത്തിന് അനുകൂലമായി തകര്‍ത്തുകളയുന്നു. ചെറു ഭാഷകളും പ്രാദേശിക ഭാഷാഭേദങ്ങളും പതിയെ ഉപയോഗത്തില്‍ നിന്നു പുറത്താകുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ബോ എന്ന ഭാഷ അവസാനത്തെ വക്താവും മരണപ്പെട്ടതോടെ ഇല്ലാതായി എന്ന് കരുതപ്പെടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ചെറുഭാഷകള്‍, ബിര്ഹോര്, കൊര്‍വ, സൗറ, തുടങ്ങിയ ആദിവാസി ഭാഷകള്‍ എന്നിവയൊക്കെ നഷ്ടപ്പെട്ടേക്കാം. മാതൃഭാഷയില്‍ വിദ്യാഭ്യാസം ലഭിക്കാത്തതും നഗരവത്ക്കരണവും കുടിയേറ്റവും ഇംഗ്ലീഷ്/ഹിന്ദി പോലുള്ള ആധിപത്യഭാഷകളിലേക്കുള്ള മാറ്റവും മാധ്യമങ്ങളിലും ഡിജിറ്റല്‍ ലോകത്തും പ്രാദേശികഭാഷകളുടെ അഭാവവുമൊക്കെ ഭാഷാനഷ്ടത്തിന്റെ കാരണങ്ങളാണ്.
ഇത് കലാരൂങ്ങള്ക്കും ബാധകമാണ്. കേരളത്തിലെ പടയണി, തിറ, മുടിയേറ്റ്, ചാക്യാര്‍കൂത്ത്, തോല്പാവക്കൂത്ത്, മഹാരാഷ്ട്രയിലെ തമാശ, കര്‍ണാടകയിലെ യക്ഷഗാനം, ഉത്തരേന്ത്യയിലെ നൗടങ്കി എന്നിവ നിലനില്‍ക്കുന്നുണ്ടെങ്കിലും ജീവിച്ചിരിക്കുന്ന സാമൂഹിക കലയെന്ന നിലയില്‍ നിന്നു മാറി ഉത്സവവേദികളിലോ ടൂറിസം പ്രദര്‍ശനങ്ങളിലോ ഒതുങ്ങുന്നു. മതപരവും അല്ലാത്തതുമായ എല്ലാ ഉത്സവങ്ങളും സാമൂഹിക കുടുംബ സാംസ്കാരിക അനുഭവങ്ങളായിരുന്നു. അവയും വിപണിയുടെ പരസ്യപശ്ചാത്തലമായി മാറിയിട്ടുണ്ട്.
സാഹിത്യം, സിനിമ, നാടകം, ചിത്രകല തുടങ്ങിയവയ്ക്കു മേല്‍ നിയന്ത്രണങ്ങളോ ഭീഷണികളോ ഉണ്ടാകുമ്പോള്‍ സ്വതന്ത്രസാംസ്കാരിക ആവിഷ്കാരമില്ലാതാകും.സാഹിത്യത്തില്‍ സല്മാന് റുഷ്ദിയും പെരുമാള്‍ മുരുകനും മതഫാസിസ്റ്റുകളുടെ എതിര്‍പ്പിന് ശരവ്യരായിട്ടിട്ടുണ്ട്. ഫയര്‍, പദ്മാവത്, ഉദ്താ പഞ്ചാബ് തുടങ്ങിയ സിനിമകളും ഈ ഗണത്തിലുണ്ട്. നാടകമേഖലയില്‍ സഫ്ദര്‍ ഹാഷ്മി രക്തസാക്ഷിത്വം വരിച്ചു. ചിത്രകലയില്‍ എം.എഫ്. ഹുസൈനും ചരിത്ര രചനയില്‍ എ.കെ. രാമാനുജനും പ്രതിഷേധം നേരിട്ടവരാണ്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചുള്ള ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിക്ക് സംപ്രേഷണം നിരോധിച്ചു. സര്‍വകലാശാല കാമ്പസുകളിലെ നാടകങ്ങള്‍, കവിത വായനകള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ രാജ്യവിരുദ്ധം, വികാരം വ്രണപ്പെടുത്തല്‍ എന്നൊക്കെയുള്ള പേരില്‍ തടസ്സപ്പെടുത്തുന്നത് പതിവാകുന്നു. കേരളത്തില്‍ ഭഗവാന് കാലുമാറുന്നു, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് തുടങ്ങിയ നാടകങ്ങള്‍ക്കെതിരേ മത മൗലികവാദികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സമീപകാലത്ത് എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഭക്ഷണവൈവിധ്യം സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഘടകമാണ്. ഒരു പ്രദേശത്തെ ഭക്ഷണരീതിയില്‍ കാലാവസ്ഥ, കൃഷിരീതി, തൊഴില്‍, കുടിയേറ്റങ്ങള്‍, വ്യാപാരബന്ധങ്ങള്‍ ഇവയ്ക്കൊക്കെ സ്വാധീനമുണ്ട്. ഭക്ഷണ വൈവിധ്യം നഷ്ടപ്പെടുന്നത് ആരുടെ ഭക്ഷണമാണ് സംസ്കാരസമ്പന്നമെന്നും ആരുടേതാണ് അവഗണിക്കപ്പെടുന്നതെന്നുമുള്ള ചോദ്യമുയര്‍ത്തുന്നു. അത് ചരിത്രവും ആരോഗ്യവും കൃഷിയും പരിസ്ഥിതിയും സാമൂഹികസമത്വവും ചേര്‍ന്ന സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രശ്നമാണ്. ഇന്ത്യയില്‍ ഭക്ഷണശീലങ്ങളുടെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടല്ലോ? ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്ലാഖ്, രാജസ്ഥാനിലെ പെഹ്ലു ഖാന്, ഝാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരി എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട ഈ സംഘര്‍ഷം ആര്, എന്ത് കഴിക്കുന്നു എന്ന ചോദ്യത്തില്‍ ഒതുങ്ങുന്നില്ല. ആരുടെ ഭക്ഷണരീതിയാണ് മേല്‍ത്തരം, ആരുടേതാണ് അധമം എന്ന സാമൂഹിക പ്രശ്നമാണതിലുള്ളത്.
വര്ഗീയവിദ്വേഷത്തിന്റെയോ ആശയപരമായ അസഹിഷ്ണുതയുടെയോ പേരില്‍ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും കൊല്ലപ്പെടുന്നത് തുടരനുഭവങ്ങളായി മാറുന്നു. നരേന്ദ്ര ദബോത്ക്കര്, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, എച്ച്. ഫറൂഖ് എന്നിവര്‍ കൊല്ലപ്പെട്ടുവെങ്കില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കും പാര്‍ശ്വവത്ക്കരിപ്പെട്ട ജനതയ്ക്ക് വേണ്ടിയും തുടര്‍ച്ചയായി വാദിച്ചുകൊണ്ടിരുന്ന സുധ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്ദെ, ജി.എന്‍. സായിബാബ, അരുണ്‍ ഫെറെയ്റ, ഉമര്‍ ഖാലിദ്, തീസ്ത സെതല്‍വാദ്, ഹിമാന്‍ഷു കുമാര്‍, ഡോ.ബിനായക് സെന്‍, സ്റ്റാനിസ്ലാസ് ലൂര്‍ദുസ്വാമി എന്നിവരൊക്കെ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാകയാല്‍ പീഡിപ്പിക്കപ്പെട്ടവരാണ്. ഇവരെല്ലാം വ്യത്യസ്തയാര്‍ന്ന സാംസ്കാരികതനിമകള്ക്കു വേണ്ടി പ്രവര്ത്തിച്ചരുമാണ്. കലാകാരന്മാരെയും എഴുത്തുകാരെയും ചിന്തകരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സാംസ്കാരിക സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്.
ഇന്ത്യയുടെ ഭരണഘടന ആവിഷ്കാരസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സാംസ്കാരിക അവകാശങ്ങളും ഉറപ്പുനല്‍കുന്നു. വിമര്‍ശിക്കാനുള്ള അവകാശവും, വ്യത്യസ്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും നിലനില്‍ക്കണം. ഇന്ത്യന്‍ ജനാധിപത്യം എത്രത്തോളം വിമര്‍ശനശബ്ദങ്ങളെ മാനിക്കുന്നു എന്ന വലിയ ചോദ്യമാണ് ഇതുയര്‍ത്തുന്നത്. സംരക്ഷിക്കപ്പെടാത്ത വൈവിദ്ധ്യങ്ങള്‍ സാമൂഹ്യവിഭജനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആരാണ് ശത്രു, ആരാണ് സ്വന്തം, എന്താണ് നമ്മുടെ സംസ്കാരം, എന്താണ് ദേശീയത, ആരുടെ ഭാഷയാണ് യഥാര്‍ത്ഥ ഭാഷ, ആരുടെ ഭക്ഷണമാണ് ശുദ്ധം, ആരുടെ വിശ്വാസമാണ് ദേശസ്നേഹം, ആരുടേതാണ് ഉയര്‍ന്ന സംസ്കാരം, ആരുടേതാണ് മാന്യതയുള്ള ഭക്ഷണം, ആരുടേതാണ് താണ ഭക്ഷണം, ആരുടെ ഭാഷയാണ് ശുദ്ധഭാഷ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെയുള്ള മറുപടി ഇന്ന് അധികാരബന്ധങ്ങള്‍ കല്‍പ്പിക്കുന്ന തീര് പ്പുകളാണ്. അങ്ങനെ നോക്കിയാല്‍ സാസ്കാരിക വൈവിദ്ധ്യത്തെ സംരക്ഷിക്കുന്നത് ആഗോളവത്ക്കരണത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തു നില്‍പ്പാണ്. സാംസ്കാരിക വൈവിധ്യദിനം വ്യത്യസ്തതകളെ ആഘോഷിക്കുന്ന ദിനം മാത്രമല്ല, വ്യത്യസ്തതകളില്ലാത്ത ലോകം മനുഷ്യ/മനുഷ്യത്വരഹിതമായ ലോകമാകാമെന്നും ഓര്‍മിപ്പിക്കുന്ന ദിനമാണ്.
ജോജി കൂട്ടുമ്മേല്‍





