കേരളത്തിലെ ഏറ്റവും വലിയ വികസന വിവാദങ്ങളില്‍ ഒന്നായിരുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുമെന്നും, മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്നും, സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് രാഷ്ട്രീയ പ്രഖ്യാപനം മാത്രമല്ല;ജനങ്ങളുടെ ദീര്‍ഘകാല ആശങ്കകള്‍ക്ക് നല്കിയ ഒരു മറുപടിയാണ്.
കേരളത്തില്‍ വികസനപദ്ധതികള്‍ക്കെതിരേ എതിര്‍പ്പ് ഉയരുന്നത് പുതുമയല്ല. എന്നാല്‍, സില്‍വര്‍ലൈന്‍ വിവാദം സാധാരണ പ്രതിഷേധങ്ങളെക്കാള്‍ വ്യത്യസ്തമായിരുന്നു. വീടും ഭൂമിയും നഷ്ടപ്പെടുമെന്ന ഭയം, പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്ക, സംസ്ഥാനത്തിന്റെ കടബാധ്യത സംബന്ധിച്ച പേടി, ജനങ്ങളുമായി ആലോചനയില്ലാത്ത ഭരണനടപടികള്‍... ഇവയെല്ലാം ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ ഒരു വന്‍ സാമൂഹിക സംഘര്‍ഷമായി മാറിയത്. ഒരു വികസനപദ്ധതി ജനങ്ങളുടെ ജീവിതത്തില്‍ എത്ര ആഴത്തിലുള്ള ഭീതിയും അനിശ്ചിതത്വവും സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍.
മഞ്ഞക്കുറ്റികള്‍ നാട്ടിയ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ വര്‍ഷങ്ങളോളം മാനസിക പീഡനം അനുഭവിച്ചു. ഭൂമി വില്‍ക്കാനോ പണയംവയ്ക്കാനോ കഴിയാത്ത അവസ്ഥ പലരെയും സാമ്പത്തികമായി തളര്‍ത്തി. സ്വന്തം വീടിന്റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെ കഴിയേണ്ടി വന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദുരിതം സര്‍ക്കാര്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനെ ഉപയോഗിച്ചതും സ്ത്രീകളടക്കം സമരക്കാരെ വലിച്ചിഴച്ച സംഭവങ്ങളും കേരളത്തിന്റെ ജനാധിപത്യചരിത്രത്തില്‍ മായാത്ത മുറിവുകളായി അവശേഷിക്കും.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഏറ്റവും വലിയ പരാജയം അതിന്റെ സാങ്കേതികതയിലോ സാമ്പത്തികതയിലോ മാത്രമായിരുന്നില്ല;ജനവിശ്വാസം നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ വന്‍ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഭരണകൂടത്തിന് നിയമാധികാരം മാത്രം പോരാ;സാമൂഹിക അംഗീകാരവും വേണം. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും അനിവാര്യമാണ്. ആ അടിസ്ഥാന പാഠം സില്‍വര്‍ലൈന്‍ വിവാദം വീണ്ടും ഓര്‍മ്മിപ്പിച്ചു.
അതേസമയം, സില്‍വര്‍ലൈന്‍ റദ്ദാക്കപ്പെട്ടതുകൊണ്ട് കേരളത്തിന് അതിവേഗവും ആധുനികവുമായ ഗതാഗത സംവിധാനം വേണ്ടെന്ന നിലപാട് ശരിയാകില്ല. കേരളത്തിന്റെ നിലവിലെ റെയില്‍-റോഡ് സംവിധാനങ്ങള്‍ ജനസംഖ്യയുടെയും യാത്രാഭാരത്തിന്റെയും വര്‍ധനയനനുസരിച്ച് പോരായ്മകള്‍ നേരിടുകയാണ്. ദേശീയപാത വികസനം മാത്രം മതിയാകില്ല. വേഗമേറിയ പൊതുഗതാഗത സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും നഗരവികസനത്തിനും അനിവാര്യമാണ്.
അതിനാലാണ് സില്‍വര്‍ലൈനിനു പകരമായി ചര്‍ച്ച ചെയ്യപ്പെടുന്ന റീജനല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്.ആര്.ടി.എസ്.) പദ്ധതി സ്വാഗതാര്‍ഹമാകുന്നത്. എന്നാല്‍, ഇതോ അല്ലെങ്കില്‍ പുതിയ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മറ്റൊരു പദ്ധതിയോ നടപ്പാക്കുമ്പോള്‍ പഴയ പിഴവുകള്‍ ആവര്‍ത്തിക്കരുത്. കുറഞ്ഞ ചെലവില്‍, കുറഞ്ഞ കുടിയൊഴിപ്പിക്കലോടെ, പരിസ്ഥിതി ആഘാതം പരമാവധി കുറച്ച് പദ്ധതി രൂപകല്പന ചെയ്യേണ്ടതുണ്ട്. വേഗം മാത്രമല്ല, സാമൂഹിക നീതിയും പരിസ്ഥിതി ഉത്തരവാദിത്വവും കൂടിയായിരിക്കണം വികസനത്തിന്റെ മാനദണ്ഡം.
കേരളത്തിന്റെ ഭൂപ്രകൃതി അതീവ സങ്കീര്‍ണമാണ്. കനത്ത മഴയും പ്രളയസാധ്യതയും പരിസ്ഥിതിലോല മേഖലകളും ഉള്‍പ്പെടുന്ന സംസ്ഥാനത്ത് വലിയ തോതിലുള്ള ഭൂമിയേറ്റെടുക്കലുകളും നിര്‍മാണപ്രവര്‍ത്തനങ്ങളും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഭാവിയിലെ ഏതൊരു അതിവേഗ റെയില്‍ പദ്ധതിയും സ്വതന്ത്ര പരിസ്ഥിതി പഠനങ്ങള്‍ക്കും ശാസ്ത്രീയ വിലയിരുത്തലുകള്‍ക്കും വിധേയമാക്കണം. പൊതുജനാഭിപ്രായ ശേഖരണം ഒരു ഔപചാരികതയായി കാണാതെ യഥാര്‍ത്ഥ പങ്കാളിത്തപ്രക്രിയയാക്കുകയും വേണം.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതിനകം ചെലവഴിച്ച കോടിക്കണക്കിന് പൊതുപണം ജനങ്ങളില്‍ സ്വാഭാവികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പദ്ധതി അനിശ്ചിതത്വത്തിലായിരിക്കെ ഭരണകൂടം എങ്ങനെ മുന്നോട്ടു പോയി? കേന്ദ്രാനുമതികള്‍ വ്യക്തമല്ലാതിരിക്കെ എന്തിനായിരുന്നു അതിവേഗ നീക്കങ്ങള്‍? ഇത്തരം ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിക്കുന്ന സുതാര്യമായ മറുപടി ജനങ്ങള്‍ക്ക് ലഭിക്കണം. വികസനത്തിന്റെ പേരില്‍ പൊതുപണം ചെലവഴിക്കുന്നതില്‍ ഉത്തരവാദിത്തബോധം ഉറപ്പാക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ബാധ്യതയാണ്.
സില്‍വര്‍ലൈന്‍ വിവാദം കേരളത്തിനു നല്കിയ ഏറ്റവും വലിയ പാഠം വികസനവും ജനജീവിതവും പരസ്പരവിരുദ്ധമല്ല എന്നതാണ്. ജനങ്ങളെ വിശ്വസിപ്പിക്കാത്ത വികസനം നിലനില്‍ക്കില്ല. പരിസ്ഥിതിയെ അവഗണിക്കുന്ന വികസനം ഭാവിയില്‍ തിരിച്ചടിയാകും. എന്നാല്‍, വികസനത്തെ തന്നെ ഭയക്കുന്ന സമീപനവും കേരളത്തിന് ഗുണകരമല്ല. ശാസ്ത്രീയവും മാനുഷികവുമായ സന്തുലിത സമീപനമാണ് ഇനി സംസ്ഥാനത്തിനു വേണ്ടത്.
സില്‍വര്‍ലൈന്‍ അവസാനിച്ചിരിക്കാം. എന്നാല്‍, കേരളത്തിന്റെ ഗതാഗതഭാവിയെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്.




