വാഷിങ്‌ടണ്‍: ഇറാനെതിരായ യുദ്ധത്തിനിടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ യു.എസിനു 42 സൈനിക വിമാനങ്ങള്‍ നഷ്‌ടപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ നഷ്‌ടം കൂടിയേക്കാമെന്നും കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസി(സി.ആര്‍.എസ്)ന്റെ റിപ്പോര്‍ട്ട് പറയുന്നു.
'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യുടെ കീഴില്‍ ഇറാനെതിരായ സൈനിക നടപടികളുടെ ചെലവ് ഇതിനകം 2,900 കോടി ഡോളറായി ഉയര്‍ന്നെന്ന് പെന്റഗണ്‍ അടുത്തിടെ അറിയിച്ചിരുന്നു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും മാറ്റിസ്‌ഥാപിക്കലുകളുമാണ് ചെലവ് ഉയര്‍ത്തിയതെന്നും പെന്റഗണ്‍ ധനകാര്യ മേധാവി ജൂള്‍സ് ഹര്‍സ്‌റ്റ് പറഞ്ഞു.നാല് എഫ്-15, ഒരു എഫ്-35 എ യുദ്ധവിമാനങ്ങള്‍, വ്യോമഇന്ധനം നിറയ്‌ക്കുന്ന ഏഴ് കെ.സി.-135 വിമാനങ്ങള്‍, തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന ഹെലികോപ്‌ടര്‍, എം.ക്യൂ-9 റീപ്പര്‍ ഡ്രോണുകള്‍ തുടങ്ങിയവ നഷ്‌ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. യു.എസ്. പ്രതിരോധ വകുപ്പ് ഇതുവരെ യുദ്ധനഷ്‌ടങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മാധ്യമവാര്‍ത്തകളുടെയും പ്രതിരോധ വകുപ്പിന്റെയും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡിന്റെയും പ്രസ്‌താവനകളും പരിശോധിച്ചാണു യു.എസ്. കോണ്‍ഗ്രസിനും കമ്മിറ്റികള്‍ക്കും നയപരവും നിയമപരവുമായ വിശകലനം നല്‍കുന്ന സി.ആര്‍.എസ്. നഷ്‌ടത്തിന്റെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.
ഫെബ്രുവരി 28 നാണു ഇറാനെതിരേ യു.എസ്.-ഇസ്രയേല്‍ സംയുക്‌ത ആക്രമണം തുടങ്ങിയത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെ നിരവധി പ്രമുഖരെ വധിച്ചു.രണ്ടുമാസത്തെ ഏറ്റുമുട്ടലില്‍നിന്ന് ഇറാന്‍ 'പ്രായോഗികപരിചയം' നേടിയതായി യു.എസ്. തന്നെ പറഞ്ഞിട്ടുണ്ടെന്ന്, സി.ആര്‍.എസ്. റിപ്പോര്‍ട്ട് 'എക്‌സി'ല്‍ പോസ്‌റ്റ് ചെയ്‌ത് ഇറാന്‍ വിദേശമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ട്രംപ് യുദ്ധം പുനരാരംഭിച്ചാല്‍ പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് യു.എസ്. സേനയ്‌ക്കെതിരേ 'കൂടുതല്‍ അത്ഭുതങ്ങള്‍' സൃഷ്‌ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.




