ടെഹ്റാന്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിര്‍ന്നാല്‍ പശ്ചിമേഷ്യന്‍ മേഖലയ്ക്കു പുറത്തേക്കും യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെതിരേ സൈനിക നടപടി പുനഃരാരംഭിക്കുന്നതിനു തൊട്ടടുത്താണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു പ്രതികരണം.
മുന്‍ സംഘര്‍ഷങ്ങളില്‍നിന്ന് രാജ്യം വലിയ സൈനികപാഠങ്ങള് ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും വീണ്ടും യുദ്ധത്തിലേക്കു തിരിച്ചുവന്നാല്‍ ശത്രുക്കള്‍ക്കായി നിരവധി 'അദ്ഭുതങ്ങള്‍' കരുതിവച്ചിട്ടുണ്ടെന്നും ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിലൂടെ പ്രതികരിച്ചു. അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആദ്യമായി വെടിവച്ചിട്ടത് തങ്ങളുടെ സൈന്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനായി യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍തന്നെ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
ആറാഴ്ച മുമ്പ് യു.എസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും സ്തംഭിച്ച നിലയിലാണിപ്പോള്‍. അമേരിക്കയ്ക്കു മുന്നില്‍ ഇറാന് പുതിയൊരു നിര്‍ദേശം വച്ചിട്ടുണ്ടെങ്കിലും നേരത്തെതന്നെ ട്രംപ് തള്ളിക്കളഞ്ഞ വ്യവസ്ഥകളാണ് ഇതിലുള്ളത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, യുദ്ധനഷ്ടപരിഹാരം, ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍, മേഖലയില്‍നിന്നു യു.എസ് സൈന്യത്തെ പിന്‍വലിക്കല്‍ എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
സമാധാന കരാറിലെത്താന്‍ ഇറാന് രണ്ടുമുതല്‍ മൂന്നു വരെ ദിവസം ട്രംപ് സമയം നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം പുനരാരംഭിക്കുന്നതിനു തൊട്ടടുത്തെത്തിയിരിക്കുകയാണെന്നും ഒരവസരംകൂടി നയതന്ത്രത്തിനു നല്‍കാനാണു തല്ക്കാലം അതു മാറ്റിവെച്ചതെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. തീരുമാനമെടുക്കാന്‍ കേവലം ഒരു മണിക്കൂര്‍ മാത്രം അകലെയായിരുന്നു താനെന്നും വൈറ്റ് ഹൗസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ഇതിനെതിരേ ശക്തമായ ഭാഷയിലാണ് ഇറാന്റെ പ്രതികരണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസും ഇസ്രയേലും സൈനികനീക്കം ആരംഭിച്ചതു മുതല്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന് പൂര്‍ണമായി അടച്ചിട്ടിരിക്കുകയായിരുന്നു.
രാജ്യാന്തര ഊര്‍ജവിതരണ ശൃംഖല തകിടം മറിയാന്‍ കാരണമായ ഈ നടപടിക്കു മറുപടിയായി ഇറാന്റെ തുറമുഖങ്ങള്‍ അമേരിക്കയും ഉപരോധിച്ചു. അതേസമയം സൗഹൃദരാജ്യങ്ങള്‍ക്ക് ഇറാന് ഇളവുകള്‍ നല്‍കുന്നതിന്റെ സൂചനയായി രണ്ടു ഭീമന് ചൈനീസ് ടാങ്കറുകള്‍ ഇന്നലെ ഹോര്‍മുസ് കടന്നുപോയി. 40 ലക്ഷം ബാരല്‍ എണ്ണയാണ് ഈ കപ്പലുകളില്‍ ഉണ്ടായിരുന്നത്.
ട്രംപിന്റെ ബെയ്ജിങ് സന്ദര്‍ശന വേളയിലായിരുന്നു ചൈനീസ് കപ്പലുകള്‍ക്ക് ഇളവ് നല്‍കാനുള്ള ഇറാന്റെ തീരുമാനം. ദക്ഷിണ കൊറിയയുടെ ടാങ്കറും ഇറാന്റെ സഹകരണത്തോടെ നിലവില്‍ കടലിടുക്ക് കടക്കുന്നുണ്ട്. യുദ്ധത്തിനുമുമ്പ് പ്രതിദിനം 140 കപ്പലുകള്‍ പോയിരുന്ന കടലിടുക്കില്‍ കഴിഞ്ഞയാഴ്ചകളില്‍ ഗതാഗതം വളരെ കുറഞ്ഞിരുന്നു. ഇപ്പോള്‍ നേരിയ പുരോഗതി കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപത്തഞ്ചോളം കപ്പലുകള്‍ ഹോര്‍മുസ് കടന്നതായി ഇറാന് വ്യക്തമാക്കുന്നു.
നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ധനവില കുതിച്ചുയരുന്നത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അമേരിക്കയില്‍ തിരിച്ചടിയാവുകയാണ്. അതുകൊണ്ട് എത്രയുംവേഗം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ട്. സംഘര്‍ഷം വേഗം അവസാനിക്കുമെന്നു ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചതിനൊപ്പം സമാധാന ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ശുഭപ്രതീക്ഷ പങ്കുവച്ചിട്ടുണ്ട്. യു.എസ് നിലപാടുകളിലെ അനിശ്ചിതത്വം നിമിത്തം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വന്‍തോതില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയമാകുന്നുണ്ട്. ബ്രെന്റ് ക്രൂഡ്ഓയില്‍ വില ബാരലിന് 110 ഡോളറിനു തൊട്ടുതാഴെയായാണ് നിലവില്‍ വ്യാപാരം തുടരുന്നത്.



