ബെയ്‌ജിങ്: അമേരിക്കയ്‌ക്കെതിരേ സംയുക്‌ത നീക്കവുമായി ചൈനയും റഷ്യയും. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഡോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ പദ്ധതികളെയും നിരുത്തരവാദപരമായ ആണവനയങ്ങളെയും ചൈനയും റഷ്യയും അപലപിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ബെയ്‌ജിങ്ങിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് നിലപാട് വ്യക്‌തമാക്കിയത്.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും സംയുക്‌ത നീക്കം. കര-ബഹിരാകാശ മിസൈല്‍ വേധസംവിധാനത്തിനായുള്ള ട്രംപിന്റെ പദ്ധതി രാജ്യാന്തര സ്‌ഥിരതയ്‌ക്കു ഭീഷണിയാണെന്ന് പുടിനും ചിന്‍പിങ്ങും സംയുക്‌ത പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. യു.എസിന്റെയും റഷ്യയുടെയും അണ്വായുധ ശേഖരം നിയന്ത്രിക്കുന്ന കരാറിന്റെ കാലാവധി പുതുക്കുന്നതിനോടുള്ള ട്രംപിന്റെ നിഷേധാത്മക സമീപനത്തെയും ഇരുനേതാക്കളും വിമര്‍ശിച്ചു. കരാറിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന റഷ്യയുടെ നിര്‍ദേശം ട്രംപ് അവഗണിച്ചിരുന്നു.
അതേസമയം, ഇറാന്‍ യുദ്ധം സംബന്ധിച്ചും പുടിനും ചിന്‍പിങ്ങും തമ്മില്‍ ചര്‍ച്ച നടന്നതായാണു സൂചന. ഇറാന്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട പൊതുനിലപാട് സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇരുകൂട്ടരും ചര്‍ച്ച ചെയ്യുന്ന 'പവര്‍ ഓഫ് സൈബീരിയ 2' പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി സംബന്ധിച്ച് ധാരണയിലെത്താന്‍ ഈ കൂടിക്കാഴ്‌ചയിലും കഴിഞ്ഞില്ലെന്നാണു വിവരം. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഇത് 25-ാമത്തെ തവണയാണ് പുടിന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുന്നത്.




