ഇസ്ലാമാബാദ്: സ്തംഭനാവസ്ഥയിലായ യു.എസ്-ഇറാന് സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്താന്റെ നിര്‍ണായക നീക്കം. ഇതിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇന്നലെ വീണ്ടും ഇറാനിലെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് നഖ്വി ടെഹ്റാന് സന്ദര്‍ശിക്കുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വാഷിങ്ടണ്‍-ടെഹ്റാന് ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണു സന്ദര്‍ശനമെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളായ പ്രസ് ടിവിയും ഇര്‍നയും പാക് ആഭ്യന്തരമന്ത്രിയുടെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.കഴിഞ്ഞ വാരാന്ത്യം നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ആഭ്യന്തര മന്ത്രി ഇസ്കന്ദര്‍ മൊമേനി എന്നിവരുമായി നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു രണ്ടാമത്തെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. നയതന്ത്ര വൃത്തങ്ങള്‍ ഇതിനെ വീക്ഷിക്കുന്നതും ഏറെ പ്രാധാന്യത്തോടെയാണ്.
സമാധാന കരാറിലേക്കു വന്നില്ലെങ്കില്‍ ഇറാനെതിരേ വീണ്ടും വ്യോമാക്രമണം നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിനു തൊട്ടുപിന്നാലെയാണ് പാക് മന്ത്രിയുടെ ഇറാന് സന്ദര്‍ശനം. ഗള്‍ഫ്-അറബ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് കഴിഞ്ഞ ദിവസം ആക്രമണത്തില്‍നിന്നു പിന്മാറിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇരുരാജ്യങ്ങളെയും ചര്‍ച്ചകളിലേക്കു തിരിച്ചെത്തിക്കുകയാണു പാകിസ്താന്റെ ലക്ഷ്യം.



