
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ 66-ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. പതിവുപോലെ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും സുഹൃത്തുമായ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രം പങ്കുവച്ച് ' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്.
അതേസമയം പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും, മോഹന്‍ലാലും ഒരുമിച്ചെത്തിയ ' പേട്രിയറ്റ്' എന്ന സിനിമ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍, രേവതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുളളത്.
തന്റെ ജന്മദിനത്തില്‍ മറ്റൊരു പ്രധാന വിശേഷം കൂടി മോഹന്‍ലാല്‍ ആരാധകരെ തേടിയെത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ' ദൃശ്യം 3' ഇന്ന് തിയേറ്ററുകളിലെത്തും. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവന്‍ ഷാജോണ്‍ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.






