
കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പിങ്ക് ബസില്‍ മാത്രമോ? എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിക്കുന്നതു പ്രായോഗികമല്ലെന്ന വിലയിരുത്തലാണു പുറത്തുവരുന്നത്.
സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിക്കുമ്പോള്‍ പ്രതിമാസം 110 കോടി രൂപ സര്‍ക്കാരിനു ചെലവു വരുമെന്നാണു കണക്കുകൂട്ടല്‍. അതിനാല്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള പിങ്ക് ബസ് ജൂണ്‍ 15 മുതല്‍ സര്‍വീസ് നടത്താനാണു സാധ്യത. സ്ത്രീകള്‍ തന്നെയാകും ഈ ബസിലെ ജീവനക്കാര്‍. മറ്റു ബസുകളില്‍ സ്ത്രീകള്‍ക്കു കണ്‍സഷന്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.
സൗജന്യയാത്രയുടെ വിശദാംശങ്ങളിലെല്ലാം സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീടറിയിക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഓര്‍ഡിനറി സര്‍വീസുകളില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കിയുള്ള പരിശോധനയിലൂടെ ലഭിച്ച പ്രാഥമിക കണക്കാണിപ്പോള്‍ സര്‍ക്കാരിനു മുന്നിലുള്ളത്. ഉയര്‍ന്ന ക്ലാസുകളിലെ ബസുകളുടെ കണക്കുകള്‍ കൂടി ശേഖരിച്ചാലേ യഥാര്‍ഥ കണക്ക് പുറത്തുവരു. പ്രതിദിനം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രം ശരാശരി എട്ടുലക്ഷം സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ടെന്നാണു വിവരം. ഇതിലൂടെ മൂന്നേകാല്‍ കോടി രൂപയുടെ വരുമാനവും കെ.എസ്.ആര്‍.ടി.സിക്കു ലഭിക്കുന്നുണ്ട്.
സൗജന്യയാത്രാ പ്രഖ്യാപനത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ ഇതിനിടെ സര്‍ക്കാരിനെ ആശങ്ക അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര നടപ്പാക്കിയാല്‍ സ്വകാര്യ ബസ്‌മേഖല തകരുമെന്നാണ് അവരുടെ വാദം. സ്വകാര്യ ബസിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു. ആശങ്കകള്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കണ്ടാണ് അറിയിച്ചിട്ടുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് പിങ്ക് ബസില്‍ മാത്രം പൂര്‍ണ സൗജന്യയാത്ര എന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇപ്പോള്‍ പിങ്ക് ബസുകള്‍ നിരത്തിലില്ല.






