ദോഹ: പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഷോപ്പിംഗ്-സാംസ്കാരിക അനുഭവങ്ങളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഒരുക്കുന്ന 'ഐ.സി.സി ഈദ് ബസാർ & മെഹന്ദി നൈറ്റ് 2026' മെയ് 22, 23 (വെള്ളി, ശനി) തീയതികളിൽ നടക്കും. ഐ.സി.സി അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള വൈകുന്നേരം 6 മണിമുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ബസാറിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഹാൻഡ്ക്രാഫ്റ്റുകൾ, ലെതർ ഉൽപന്നങ്ങൾ, ഇമിറ്റേഷൻ ജ്വല്ലറി, റെഡിമെയ്ഡ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം മേളയിലുണ്ടാകും. നാവിൻരുചിയൂറുന്ന വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള ഫുഡ് സ്റ്റാളുകളും പെരുന്നാൾ അഴകായി മനോഹരമായ മയിലാഞ്ചി ഡിസൈനുകൾ ഒരുക്കുന്ന തത്സമയ ഹെന്ന സ്റ്റേഷനുകളും (Live Henna Stations) മേളയുടെ പ്രധാന ആകർഷണമായിരിക്കും.പ്രാദേശിക ബിസിനസ്സുകാർക്കും പ്രത്യേകിച്ച് വനിതാ സംരംഭകർക്കും വലിയ പിന്തുണയും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.സി ഈദ് ബസാർ സംഘടിപ്പിക്കുന്നത്.
52 ജനറൽ സ്റ്റാളുകൾ, 5 ഫുഡ് സ്റ്റാളുകൾ, 9 ഹെന്ന സ്റ്റേഷനുകൾ എന്നിവ ക്രമീകരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ
രണ്ടായിരത്തിലധികം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഐ.സി.സി അശോകഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ്, കൾച്ചറൽ ആക്ടിവിറ്റീസ് ഹെഡ് നന്ദിനി അബ്ബാഗൗനി, അഫിലിയേഷൻ ഹെഡ് രവീന്ദ്ര പ്രസാദ്, ഇൻഹൗസ് ആക്ടിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല്ല, എക്സ്റ്റേണൽ ആക്ടിവിറ്റീസ് ഹെഡ് പർവി ഷ്രോഫ്, അഡ്വൈസറി ചെയർമാൻ പി.എൻ. ബാബുരാജൻ എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറയ്ക്കൽ






