
തിരുവനന്തപുരം: പുതിയതായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിയമസഭയില്‍ പൂര്‍ത്തിയായി. കളമശേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂറിന്റെ സത്യപ്രതിജ്ഞയോടെ തുടങ്ങിയ ചടങ്ങ് ഉച്ചയോടെയാണ് അവസാനിച്ചത്. 139 എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയതു. ഏറെ കൗതുകം നിറഞ്ഞതായിരുന്നു ചടങ്ങ്.
പ്രോട്ടേം സ്പീക്കറായി കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ട ജി സുധാകരനാണ് എംഎല്‍എ മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തന്റെ സത്യപ്രതിജ്ഞയില്‍ പിതാവിന്റെ പേര് ഉള്‍പ്പെടെ മുഴുവന്‍ പേരും പറഞ്ഞായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഗൗരവമാണ് സത്യപ്രതിജ്ഞ നടത്തിയത്. പ്രൗഡഗംഭീരവും അതേസമയം തന്നെ കൗതുകമുള്ളതുമായിരുന്നു ചടങ്ങ്. കൂടുതല്‍ പേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇടതു എംഎല്‍എമാര്‍ സഗൗരവം സത്യവാചകം അവസാനിപ്പിച്ചു. ഭൂരിഭാഗം പേരും മലയാളത്തില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ ഒരാള്‍ കന്നഡത്തിലും ഒരാള്‍ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്കായി എത്തിയ പിണറായി വിജയനെ ജി. സുധാകരന്‍ ഇങ്ങോട്ട് വന്ന് കൈ കൊടുത്തു. തളിപ്പറമ്പില്‍ സിപിഐഎം വിമതനായി മത്സരിച്ച് ജയിച്ച ടി.കെ.ഗോവിന്ദന്‍ പിണറായി വിജയന് കൈ കൊടുത്ത ശേഷമായിരുന്നു സത്യപ്രതിജ്ഞയ്ക്കായി പോയത്.
പരമ്പരാഗത മുണ്ടും ഷര്‍ട്ടും വേഷത്തില്‍ നിന്നും വിഭിന്നമായി പാന്റും ഷര്‍ട്ടുമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ മാരായാ മാത്യൂ കുഴല്‍നാടന്റേയും രമേഷ് പിഷാരടിയുടേയും വേഷം. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 9 മണിയോടെ തുടങ്ങിയ ചടങ്ങ് 12.30 യോടെയാണ് അവസാനിച്ചത്. മൂന്ന് പ്രതിനിധികള്‍ ഉള്ള ബിജെപിയില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് കൊല്ലത്തെ ബി.ബി. ഗോപകുമാറായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എന്നപോലെ സത്യപ്രതിജ്ഞയ്ക്കും ഒരുപറ്റം ചെറുപ്പക്കാരുമായി സൈക്കിളിലായിരുന്നു പുതുപ്പള്ളി എംഎല്‍എ യും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എത്തിയത്. സത്യപ്രതിജ്ഞ നടത്തിയ മിക്കവാറും പേരും ദൈവനാമത്തിലും സഗൗരവവവും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക ശപഥം ചെയ്യുകയായിരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ. അഷ്‌റഫ് കന്നഡത്തിലായിരുന്നു പ്രതിജ്ഞ ചെയ്തത്.
ബിജെപിയില്‍ നിന്നും ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ബി.ബി. ഗോപകുമാറായിരുന്നു. കൊല്ലത്ത് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംഎല്‍എ യായ ഇദ്ദേഹം മൂന്നാം തവണ മത്സരിച്ചപ്പോഴായിരുന്നു നിയമസഭയില്‍ എത്തിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത രാജീവ് ചന്ദ്രശേഖറും മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
സിപിഐഎമ്മിനെ ഞെട്ടിച്ച ടി.കെ. ഗോവിന്ദനാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി എല്‍ഡിഎഫ് എംഎല്‍എ മാര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പോകുകയും പിണറായിക്ക് കൈ കൊടുക്കുകയും ചെയ്തു. സിപിഐഎം വിമതനായി മത്സരിച്ച് ജയിച്ച അദ്ദേഹം തളിപ്പറമ്പിലെ ആദ്യത്തെ യുഡിഎഫ് എംഎല്‍എ യാണ്. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഐഎമ്മില്‍ നിന്നും പുറത്തുവന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയായിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരേ രംഗത്ത് വന്ന ഗോവിന്ദന്‍ സഗൗരവമാണ് സത്യപ്രതിജ്ഞ നടത്തിയത്. സഗൗരവമായിരുന്നു പയ്യന്നൂരില്‍ നിന്നും ജയിച്ചുകയറിയ സിപിഐഎം വിമതന്‍ വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളം എല്‍എല്‍എ എഫ് രാജ തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഹരിപ്പാട് നിന്നും നാലാം തവണ സത്യപ്രതിജ്ഞ ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. മുരളീധരന്‍, കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് എന്നിവരും ആദ്യമായി സഭയില്‍ എത്തുന്ന നടന്‍ രമേഷ് പിഷാരടി, ഷിബു ബേബിജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഇംഗ്‌ളീഷില്‍ പ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുമ്പാകെ പ്രോ ടേം സ്പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന പരിഗണനയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെയുള്ള നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും.






