
പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വില വര്‍ധനവ് പ്രഖ്യാപിച്ചു. ആഗോള വിപണിയില്‍ DRAM, NAND പോലുള്ള മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിര്‍മ്മാണ ചെലവുകളുടെ വര്‍ധനവും തുടരുന്നതിനാല്‍ അടുത്ത മാസങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ വിലകള്‍ വീണ്ടും ഉയരാന്‍ ഇടയുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മിഡ്-റേഞ്ച് വിഭാഗത്തിലെ നിരവധി ഫോണുകള്‍ക്ക് ആയിരക്കണക്കിന് രൂപയുടെ വര്‍ധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
പോക്കോ എക്സ്8 പ്രോ മാക്സ്, പോക്കോ എം8 5ജി എന്നീ മോഡലുകള്‍ക്ക് വില വര്‍ധനവ് ബാധകമായിട്ടുണ്ട്. കൂടാതെ ലാവ അഗ്‌നി 4 ഫോണിന്റെ വില 24,999 രൂപയില്‍ നിന്ന് 29,999 രൂപയായി ഉയര്‍ന്നു. റിയല്‍മി 16 സീരീസിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിച്ചു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വകഭേദമുള്ള റിയല്‍മി 16 ഇപ്പോള്‍ 33,999 രൂപയ്ക്കാണ് ലഭിക്കുക. ലോഞ്ച് സമയത്ത് ഇതിന്റെ വില 31,999 രൂപയായിരുന്നു. 8 ജിബി + 256 ജിബി മോഡലിന് 36,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമായി പുതുക്കിയിട്ടുണ്ട്. അതേസമയം റിയല്‍മി 16 പ്രോയുടെ അടിസ്ഥാന മോഡലായ 8 ജിബി + 128 ജിബി പതിപ്പിന് ഇപ്പോള്‍ 36,999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഇത് 31,999 രൂപയ്ക്കായിരുന്നു ലഭ്യമായിരുന്നത്. 12 ജിബി + 256 ജിബി പതിപ്പിന് 42,999 രൂപയായി വില ഉയര്‍ന്നു.
റിയല്‍മി 16 പ്രോ+ 5ജി മോഡലിനും വലിയ തോതില്‍ വില വര്‍ധിച്ചു. 8 ജിബി + 256 ജിബി പതിപ്പിന്റെ വില 41,999 രൂപയില്‍ നിന്ന് 48,999 രൂപയായി ഉയര്‍ന്നു. 12 ജിബി + 256 ജിബി മോഡല്‍ ഇപ്പോള്‍ 52,999 രൂപയ്ക്കാണ് ലഭിക്കുന്നത്. വണ്‍പ്ലസ് 15ആര്‍ ഫോണിന്റെ 12 ജിബി + 256 ജിബി പതിപ്പിന് ഇപ്പോള്‍ 54,999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഇത് 47,999 രൂപയായിരുന്നു. 512 ജിബി സ്റ്റോറേജ് പതിപ്പിന് 59,999 രൂപയായി വില ഉയര്‍ന്നു.






