
മോട്ടോറോള റേസര്‍ ഫോള്‍ഡ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. മോട്ടോറോളയുടെ ആദ്യ ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണാണ് ഇത്. കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി അവതരിപ്പിച്ച ഈ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2026-ലാണ് ആദ്യമായി ആഗോളതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡിന്റെ ആദ്യ ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ മോഡലാണ് ഇത്.
ഇന്ത്യയില്‍ മോട്ടോറോള റേസര്‍ ഫോള്‍ഡിന്റെ അടിസ്ഥാന മോഡലായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,49,999 രൂപയാണ് വില. 16 ജിബി + 512 ജിബി മോഡലിന് 1,59,999 രൂപയുമാണ് വില. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് പുറമേ, 1,69,999 രൂപ വിലയുള്ള ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിളിന്റെ ഫിഫ വേള്‍ഡ് കപ്പ് 26 കളക്ഷനും മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. പാന്റോണ്‍ ബ്ലാക്ക്നഡ് ബ്ലൂ, പാന്റോണ്‍ ലില്ലി വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട് വഴിയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം.
മോട്ടോറോള റേസര്‍ ഫോള്‍ഡ് ലോഞ്ച് ഓഫറിന്റെ ഭാഗമായി 10,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അടിസ്ഥാന മോഡലിന്റെ പ്രാബല്യത്തിലുള്ള വില 1,39,999 രൂപയായി കുറയും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. ജൂണ്‍ 20 വരെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒരുതവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് ആനുകൂല്യവും ലഭിക്കും.
ജിയോ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളായി ജിയോ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍, 5,000 ജിബി ക്ലൗഡ് സ്റ്റോറേജ്, അജിയോ, ടിറ, ഈസി മൈ ട്രിപ്പ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഓഫറുകളും ലഭ്യമാക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഫോണില്‍ 8.1 ഇഞ്ച് വലിപ്പമുള്ള പ്രധാന ഫോള്‍ഡബിള്‍ ഡിസ്‌പ്ലെയും 6.6 ഇഞ്ച് കവര്‍ സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന റെസലൂഷനും എല്‍ടിപിഒ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പരമാവധി 16 ജിബി റാം, 512 ജിബി സ്റ്റോറേജ് വരെ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ സോഫ്റ്റ്വെയര്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.






