
തിരുവനന്തപുരം: ഇക്കുറി '13' അനാഥമായില്ല. വി.ഡി. സതീശന്‍ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പര്‍ വിതരണത്തില്‍ ഉയര്‍ന്ന കൗതുക ചര്‍ച്ചയ്ക്ക് ശുഭപര്യവസാനം. മറ്റ് മന്ത്രിമാര്‍ ഏറ്റെടുക്കാന്‍ മടിച്ച 'പതിമൂന്നാം നമ്പര്‍' ഔദ്യോഗിക കാര്‍ (സ്‌റ്റേറ്റ് കാര്‍ 13) തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചുവാങ്ങി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 13-ാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാത്തത് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അനാഥമായി ഗാരേജില്‍ കിടന്ന പതിമൂന്നാം നമ്പര്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ കഥകള്‍ക്ക് വിരാമമിട്ടുകൊണ്ട് ലീഗ് പ്രതിനിധിയായ ഷാജി രംഗത്തെത്തിയത്.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ തന്നെ ടൂറിസം വകുപ്പ് 13-ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നെങ്കിലും പുതിയ മന്ത്രിമാരില്‍ ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പൊതുവെ 13 എന്ന അക്കത്തെ അപശകുനമായും ഭാഗ്യദോഷമായുമാണ് പലരും കണക്കാക്കുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 13-ാം നമ്പര്‍ വാഹനം ഉപയോഗിച്ച പലരും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയോ, മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെടുകയോ, പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ഗോസിപ്പുകളാണ് മന്ത്രിമാരെ ഇതില്‍നിന്നും പിന്നോട്ട് വലിപ്പിച്ചത്.
ഷാജിക്ക് സത്യപ്രതിജ്ഞാ സമയത്ത് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പര്‍ വാഹനമായിരുന്നു. ഈ കാറിലാണ് അദ്ദേഹം സെക്രട്ടറിയേറ്റിലെത്തിയത്. എന്നാല്‍, തനിക്ക് ഒമ്പതാം നമ്പര്‍ കാര്‍ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് ഷാജി 9-ാം നമ്പര്‍ കാര്‍ അദ്ദേഹത്തിന് വിട്ടുനല്‍കുകയും, പകരം 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങുകയുമായിരുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് 13-ാം നമ്പര്‍ കാറിന് അവകാശികളുണ്ടായിരുന്നില്ല. എന്നാല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് രണ്ടു തവണയും ഇടതുപക്ഷ മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരുന്നു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സി.പി.ഐ നേതാവ് പി. പ്രസാദായിരുന്നു ഏറ്റവും ഒടുവില്‍ 13-ാം നമ്പര്‍ കാറില്‍ ഔദ്യോഗികമായി സഞ്ചരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധന മന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും ഈ നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നു. 2006-ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ആദ്യമായി 13-ാം നമ്പര്‍ വാഹനം സ്വന്തമാക്കി മാറ്റത്തിന് തുടക്കമിട്ടത്.
വാഹന നമ്പറിലെ ഈ 13-ാം ഭീതി പോലെ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളില്‍ ഒന്നായ 'മന്‍മോഹന്‍ ബംഗ്്ളാവ്' സംബന്ധിച്ചും സമാനമായ ചില അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഇവിടെ താമസിക്കുന്ന മന്ത്രിമാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല എന്ന ഭയം കാരണം പലരും ഈ വസതി സ്വീകരിക്കാന്‍ വിമുഖത കാണിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അത്തരം പ്രചാരണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് പുതിയ മന്ത്രിമാരിലൊരാളായ ഒ.ജെ. ജനീഷ്, മന്‍മോഹന്‍ ബംാവ് ഔദ്യോഗിക വസതിയായി ചോദിച്ചു വാങ്ങുകയായിരുന്നു. എന്തായാലും യു.ഡി.എഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ അന്ധവിശ്വാസങ്ങളെ തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നത് രാഷ്ട്രീയ കേരളത്തില്‍ വലിയചര്‍ച്ചകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.






