
ബെംഗളൂരു: മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് കേരളത്തിലേക്ക് കടന്നതായി സൂചന. പ്രതിയെ കണ്ടെത്താനായി കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കര്‍ണാടക പൊലീസ് ആസ്ഥാനം ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.
കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ആഡുഗോഡി എസിപിക്ക് കൈമാറി. സംഭവത്തില്‍ ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ മടിക്കുകയും ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത മഡിവാള പൊലീസിനെതിരെ കര്‍ശന നടപടിയുണ്ടാകും. പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ ഡിസിപിയെ നേരിട്ട് വിളിപ്പിച്ചു കേസ് വൈകിയതിനെക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. പ്രതി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഗൗരവമായി ഇടപെട്ടത്.
സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു മലയാളി പെണ്‍കുട്ടി. ഈ മാസം 12-ന് കഫേയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ വീട്ടില്‍ നടന്ന ഒത്തുകൂടലിനിടെയാണ് സംഭവം. കഫേ തുടങ്ങാന്‍ സഹായിച്ചിരുന്ന ഹൈനസ് എന്നയാളും ഈ സമയത്ത് അവിടെയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ തക്കം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തതോടെ, പ്രതി കുപ്പി പൊട്ടിച്ച് ഇവരെ ആക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ ഏഴുമണിയോടെ പെണ്‍കുട്ടിയും സുഹൃത്തുക്കളും മഡിവാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും രാത്രി 11 മണി വരെ പൊലീസ് ഇവരെ കാത്തുനിര്‍ത്തിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്താനുള്ള ആവശ്യവും പൊലീസ് നിരസിച്ചു.
പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ചുപോലും പ്രതി ഹൈനസും കൂട്ടാളിയായ ഗുണ്ടാ നേതാവ് സുരേഷും ചേര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തു ക്കളെയും ഭീഷണിപ്പെടുത്തി. പൊലീസിന്റെ ഒത്താശയോടെയും നിര്‍ബന്ധത്തിന് വഴങ്ങിയും 'പരാതിയില്ല' എന്ന് എഴുതി നല്‍കേണ്ടി വന്നതായും ഇവര്‍ വെളിപ്പെടുത്തി. സ്റ്റേഷനില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പ്രതികള്‍ വീണ്ടും വഴിയില്‍ വെച്ച് ആക്രമിച്ചു. ഇതോടെയാണ് ഇവര്‍ ഡിസിപിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്. ഡിസിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒടുവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.






