
കൊച്ചി: ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മോഡലിങ് വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാലിലേക്ക് നീളുന്നു. നിലവില്‍ അറസ്റ്റിലായ ബിലാലാണ് ഈ അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദുബായില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ സിന്ധു ബിലാലുമായി സൗഹൃദത്തിലാകുന്നത്. കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തി ദുബായിലേക്ക് കടത്തുന്നതും അവിടുത്തെ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നതും ബിലാലാണ്. റാക്കറ്റിന്റെ പ്രവര്‍ത്തനം വിപുലമായതോടെ ബിലാല്‍ ദുബായിലെ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായി ഈ തട്ടിപ്പിലേക്ക് ഇറങ്ങുകയും പിന്നീട് കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പീഡനത്തിനിരയായ യുവതിയുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഒന്നാം പ്രതി സിന്ധുവാണ് മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക. ഇവരുടെ ഫോണില്‍ നിന്ന് നിര്‍ണായകമായ വാട്സ്ആപ്പ് ചാറ്റുകളും ഇടപാടുകാരുമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വെച്ച് വിലപേശുന്നതിന്റെ സ്ക്രീന്‍ഷോട്ടുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മോഡലിങ് പരിശീലനം, ദുബായില്‍ വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടല്‍ താമസം, ഒരു ഷോയ്ക്ക് 50,000 രൂപ പ്രതിഫലം എന്നിവ വാഗ്ദാനം ചെയ്താണ് സിന്ധു യുവതികളെ ആകര്‍ഷിച്ചത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വിസയും മറ്റ് സൗകര്യങ്ങളും നല്കി എത്തിച്ച ശേഷം പരാതിക്കാരിയായ യുവതിക്ക് മദ്യത്തിലും കോളയിലും മയക്കുമരുന്ന് (വെളുത്ത പൊടി) കലര്‍ത്തി നല്കി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സിന്ധു തന്നെയാണ്. ഈ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തി. 'കുഞ്ഞിനെ വധിക്കുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ മഹറൂഫ് എന്നയാള്‍ താന്‍ സി.ഐ.ടി ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും എത്തിയിരുന്നു.'
സിന്ധുവിന്റെ മകളുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി വെറുമൊരു കടലാസ് കമ്പനി മാത്രമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കമ്പനിയുടെ മറവിലായിരുന്നു പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തിയിരുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സിന്ധു, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചു വര്‍ഷത്തില്‍ മൂന്ന് ഷോകള്‍ വീതം നടത്താറുണ്ടെന്നാണ് പൊലീസിനോട് പറഞ്ഞത്.
ഈ കേസില്‍ സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്ന്, ഇവരുടെ ഷോകളില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറെടുക്കുകയാണ്. കൂടാതെ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് സിന്ധു പണം കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചതിനാല്‍ ഇയാളെയും ഉടന്‍ ചോദ്യം ചെയ്യും.
കേസിലെ മറ്റ് പ്രതികളും പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. രണ്ടാം പ്രതി ചൂരല്‍ ഉപയോഗിച്ച് ശാരീരികമായി മര്‍ദ്ദിച്ചപ്പോള്‍, അഞ്ചാം പ്രതി മാനസികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.






