
ന്യൂഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിൽ വൻ ചാരശൃംഖല തകർത്ത് പോലീസ്. ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാനു ചോർത്തി നൽകിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമത്തിൽ താമസിക്കുന്ന ബൽജിത് സിംഗ് (ബിട്ടു) ആണ് അറസ്റ്റിലായത്.
സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇയാൾ പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ (എൻഎച്ച്-44) ഒരു പാലത്തിന് സമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ സിസിടിവിയിലെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാനിലും വിദേശത്തുമുള്ള ചാരന്മാർക്ക് ഇന്റർനെറ്റ് വഴി ലഭ്യമാക്കിയിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ദൽജീന്ദർ സിംഗ് ധില്ലൺ അറിയിച്ചു. ചോദ്യം ചെയ്യലിൽ, കഴിഞ്ഞ ജനുവരിയിലാണ് താൻ സുജൻപൂരിന് സമീപമുള്ള ദേശീയപാതയിലെ കടയിൽ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് ബൽജിത് സിംഗ് സമ്മതിച്ചു.
ദുബായിലുള്ള അപരിചിതനായ ഒരാളിൽ നിന്നാണ് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കിട്ടിയതായും ഇയാൾ വെളിപ്പെടുത്തി. ഇയാളുടെ പക്കൽ നിന്നും സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തു. ദേശീയപാതയിലെ ഈ ഭാഗത്ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. സുജൻപൂർ പോലീസ് ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബൽജിത് സിംഗിനെ കൂടാതെ വിക്രംജിത് സിംഗ് (വിക്ക), ബൽവീന്ദർ സിംഗ് (വിക്കി), തരൺപ്രീത് സിംഗ് (തന്നു) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ രാജ്യവിരുദ്ധ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഈ ശൃംഖലയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ പണമിടപാടുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാര ശൃംഖലകൾ കഴിഞ്ഞ മാസം പഞ്ചാബ് പോലീസ് തകർത്തിരുന്നു. ചൈനീസ് നിർമ്മിത അത്യാധുനിക സോളാർ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളുടെ തത്സമയ ദൃശ്യങ്ങൾ ഇവർ പാകിസ്ഥാനിലേക്ക് ചോർത്തിയിരുന്നു.
ജലന്ധറിലെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഒരു ചാരനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 4ജി കണക്റ്റിവിറ്റിയുള്ള സോളാർ പാനലോട് കൂടിയ ചൈനീസ് സിസിടിവി ക്യാമറ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാമത്തെ ശൃംഖല കപൂർത്തല പോലീസും കേന്ദ്ര ഏജൻസിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തകർത്തത്. ഇവിടെ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും വിദേശ ചാരന്മാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച നാല് മൊബൈൽ ഫോണുകളും സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറയും വൈഫൈ സെറ്റും പിടിച്ചെടുക്കുകയും ചെയ്തു.
പ്രതിരോധ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ നിരീക്ഷിക്കാനായി ഇവർ സിം കാർഡും സോളാർ പവർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും മൊബൈൽ ആപ്പുകൾ വഴിയാണ് പാകിസ്ഥാനിലേക്ക് ദൃശ്യങ്ങൾ കൈമാറിയതെന്നും ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഗൗരവ് യാദവ് പറഞ്ഞു.






